കായംകുളം: സിപിഎം മുതിർന്ന നേതാവ് ജി സുധാകരനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുധാകരന്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ മന്ത്രിയായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജി സുധാകരന് ഇന്ന് സിപിഎമ്മിൽ കറിവേപ്പിലയുടെ വില പോലും ഇല്ല. പിണറായി വിജയൻ്റെ കാലത്ത് തന്നെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുഴിച്ചു മൂടുമെന്നും കെ സുരേന്ദ്രൻ കായംകുളത്ത് പറഞ്ഞു. അഴിമതിക്കെതിരെ സംസാരിക്കുന്നവരെ സിപിഎം ബ്രാഞ്ച് മുതൽ പുറത്താക്കും. കോട്ടയത്ത് സുരേഷ് കുറുപ്പിനെ ഒഴിവാക്കി. കൊലപാതകം നടത്തുന്നവരെ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെയാണ് സിപിഎം കൊണ്ട് നടക്കുന്നത്. ബിജെപി വർഗീയ പാർട്ടിയാണെന്നുള്ള പ്രചാരണം നടത്തി സിപിഎം ന്യൂനപക്ഷങ്ങളെ ഭയാശങ്കയിൽ ആക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ശ്രീനാരായണ ഗുരു വെറുമൊരു സാമൂഹ്യ പരിഷ്കർത്താവ് മാത്രമല്ല. കോടിക്കണക്കിന് ജനങ്ങൾ അദ്ദേഹത്തെ ദൈവമായി കാണുന്നു. ലോകം മുഴുവൻ സനാതന ധർമ്മത്തിന്റെ സന്ദേശം എത്തിച്ച ആളാണ് ഗുരുദേവൻ. ഇഎംഎസ് ഗുരുദേവനെ അപമാനിച്ച പോലെ പിണറായിയും അപമാനിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കായകുളത്ത് വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് എത്തിയവർക്ക് സ്വീകരണവും, ജനമുന്നേറ്റ സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ. കോൺഗ്രസിൽ 6 സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിമാരുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഎം എംഎൽഎ യു.പ്രതിഭയെ പിന്തുണച്ചുകൊണ്ടാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പ്രസംഗിച്ചത്. മകൻ കേസിൽപ്പെട്ടാൽ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്. 24 മണിക്കൂറും മകന് പിന്നാലെ നടക്കാൻ അമ്മയ്ക്കാകുമോയെന്നും ശോഭ ചോദിച്ചു. സാംസ്കാരിക മന്ത്രിക്കു സംസ്കാരമില്ലാത്തതിനാലാണു കഞ്ചാവു വലിച്ചതിനെ ന്യായീകരിച്ചത് എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കായംകുളത്തു മറ്റു പാർട്ടികളിൽനിന്നു ബിജെപിയിൽ ചേർന്നവരെ സ്വീകരിക്കുന്ന ജനമുന്നേറ്റ സദസ്സിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും. സിപിഎം പത്തിയൂർ ലോക്കൽ കമ്മിറ്റിയംഗം സാക്കിർ ഹുസൈൻ ഉൾപ്പെടെ 51 പേരും കോൺഗ്രസിൽനിന്നു 46 പേരും ഉൾപ്പെടെ 218 പേർ ബിജെപിയിൽ ചേർന്നതായി നേതാക്കൾ അവകാശപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനും വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍ ചേര്‍ന്ന് പ്രവര്‍ത്തകരെ സ്വീകരിച്ചു.