കൊച്ചി: ചരിത്രമുറങ്ങുന്ന മട്ടാഞ്ചേരിയിലേക്ക് കൊച്ചി വാട്ടർ മെട്രോ എത്തുന്നു. നിർമാണം പൂർത്തിയായ മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനലിലേക്കുള്ള സർവീസ് മാർച്ച് അവസാനത്തോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽനിന്ന് വില്ലിങ്ടൺ ഐലൻ്റ് വഴിയാണ് വാട്ടർ മെട്രോ മട്ടാഞ്ചേരിയിലേക്ക് സർവീസ് ആരംഭിക്കുന്നത്. മാർച്ച് അവസാനത്തോടെ മട്ടാഞ്ചേരി റൂട്ടിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സാജൻ പി ജോൺ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
നേരത്തെ, പുതുവത്സര സമ്മാനമായി മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻ്റ് ടെർമിനലുകൾ ഉദ്ഘാടനം ചെയ്യാനായിരുന്നു കേരള വാട്ടർ മെട്രോ ലിമിറ്റഡിൻ്റെ പദ്ധതി. എന്നാൽ വിവിധ പ്രവൃത്തികൾക്ക് കാലതാമസം നേരിട്ടതാണ് സർവീസ് ആരംഭിക്കുന്നത് വൈകിപ്പിച്ചത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മട്ടാഞ്ചേരിയിലേക്ക് കൂടി വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നത് കൊച്ചിയുടെ ടൂറിസം രംഗത്തിനും കരുത്താകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നേരത്തെ ഹൈക്കോടതി – ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചിരുന്നു.
മട്ടാഞ്ചേരിയിലേക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നത് തദ്ദേശീയർക്കും ഏറെ സഹായകമാകും. 2018-ലെ പ്രളയത്തിന് ശേഷം സംസ്ഥാന ജലഗതാഗത വകുപ്പ് നിർത്തിയ ബോട്ട് സർവീസുകൾ ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ നാലം തീയതിയാണ് പുനരാരംഭിച്ചത്. പ്രളയത്തിന് ശേഷം അടിഞ്ഞുകൂടിയ മൺകൂനകളാണ് ബോട്ട് സർവീസ് തടസ്സപ്പെടുത്തിയത്. നിലവിൽ സർവീസ് പുനരാരംഭിച്ചെങ്കിലും വേലിയേറ്റ സമയത്തുമാത്രമാണ് ബോട്ടിന് സഞ്ചരിക്കാൻ സാധിക്കുന്നത്.
മട്ടാഞ്ചേരി കോർപറേഷൻ പാർക്കിന് സമീപമാണ് മൂന്ന് ബെർത്തുകളോട് കൂടിയ വാട്ടർ മെട്രോ ടെർമിനൽ യാഥാർഥ്യമാക്കിയത്. 2023-ലാണ് ടെർമിനൽ നിർമാണം ആരംഭിച്ചത്. 10 മാസത്തിനകം ടെർമിനൽ നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു കരാർ. മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻ്റ് ടെർമിനലുകൾ നാടിന് സമർപ്പിക്കുന്നതോടെ വാട്ടർ മെട്രോ ടെർമിനലുകളുടെ എണ്ണം 11 ആകും. വൈറ്റില, ഹൈക്കോടതി, വൈപ്പിൻ, കാക്കനാട്, ബോൾഗാട്ടി, സൗത്ത് ചിറ്റൂർ, ചേരാനെല്ലൂർ, ഏലൂർ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലാണ് നിലവിൽ വാട്ടർ മെട്രോയ്ക്ക് ടെർമിനലുകളുള്ളത്.
2023 ഏപ്രിൽ 23-ന് സർവീസ് ആരംഭിച്ച വാട്ടർ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം നിലവിൽ 7000-ത്തിന് അടുത്തെത്തിയിട്ടുണ്ട്. ഹൈക്കോടതി – മട്ടാഞ്ചേരി സർവീസ് ആരംഭിക്കുന്നതോടെ പ്രതിദിന ലക്ഷ്യമായ 7000 യാത്രക്കാർ എന്ന സ്വപ്നം യാഥാർഥ്യമാകുമെന്നാണ് വാട്ടർ മെട്രോ അധികൃതരുടെ പ്രതീക്ഷ.