ഗാസ വെടിനിർത്തലിനു പിന്നാലെ, അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. ആക്രമണത്തിൽ 8 പലസ്തീൻകാർ കൊല്ലപ്പെട്ടു. 35 പേർക്കു പരുക്കേറ്റു. അതേസമയം, ഗാസയിൽ വെടിനിർത്തൽ മൂന്നാം ദിവസം പിന്നിട്ടു. ജീവകാരുണ്യസഹായവുമായി കൂടുതൽ ട്രക്കുകൾ എത്തി. ആദ്യ ദിവസം തന്നെ 630 സഹായ ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ചതായി യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് അറിയിച്ചു. വെടിനിർത്തൽ കരാറിൻ്റെ അടിസ്ഥാനത്തിലാണ് ഇസ്രായേല്‍ ഗസ്സയിലേക്ക് ട്രക്കുകളുടെ പ്രവേശനം അനുവദിച്ചത്.
അതിനിടെ 2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാര്‍ച്ച് ആറിന് രാജി വെക്കുമെന്ന് ഇസ്രയേല്‍ സൈനിക മേധാവി ഹെര്‍സി ഹലേവി പറഞ്ഞു. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സിന് ഹലേവി രാജിക്കത്ത് കൈമാറി. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ പൗരന്മാരെ രക്ഷപ്പെടുത്താന്‍ ഐഡിഎഫിന് സാധിച്ചില്ലെന്ന് ഹലേവി കത്തില്‍ പറയുന്നു. ഇത്രയും വലിയ പരാജയത്തിലുള്ള തന്റെ ഉത്തരവാദിത്തം ഓരോ ദിവസവും ഓരോ മണിക്കൂറിലും തന്നെ വേട്ടയാടുന്നുവെന്നും ജീവിതാവസാനം വരെ അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. 40 വര്‍ഷമായി ഇസ്രയേല്‍ മേധാവിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഹലേവി. ഹലേവിയുടെ രാജിക്കത്ത് സ്വീകരിച്ച കട്‌സ് ഇസ്രയേല്‍ സേനയ്ക്ക് ഹലേവി നല്‍കിയ സംഭാവനകള്‍ക്ക് നന്ദി അറിയിച്ചു. അടുത്ത മേധാവി വരുന്നത് വരെ ഹലേവി അദ്ദേഹത്തിന്റെ പദവി നിര്‍വഹിക്കുമെന്നും കട്‌സ് പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഹലേവിയുടെ രാജി അംഗീകരിച്ചു.