ജറുസലം: ഗാസയില്‍ ഇസ്രയേല്‍ കനത്ത ആക്രമണം തുടരുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇന്നലെ 95 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 596 പേർ കൊല്ലപ്പെട്ടെന്നും 900 ലേറെ പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണ ശക്തിയോടെ പോരാട്ടം വീണ്ടും ആരംഭിച്ചു എന്നാണ് വ്യോമാക്രമണത്തെ സംബന്ധിച്ച് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇസ്രയേൽ സൈന്യം ഇന്നലെ വീണ്ടും ഗാസയിൽ പ്രവേശിച്ചു. ഗാസ സിറ്റി അടക്കം വടക്കൻ ഗാസയിൽ സൈനിക ഉപരോധം ഏർപ്പെടുത്തി. യുദ്ധത്തിൽ തകർന്നുതരിപ്പണമായ വടക്കൻ ഗാസയിലേക്കു ലക്ഷക്കണക്കിനു പലസ്തീൻകാർ ജനുവരിയിൽ വെടിനിർത്തലിനു പിന്നാലെ തിരിച്ചെത്തിയിരുന്നു. ഇവർ വീണ്ടും നാടുവിടേണ്ട സ്ഥിതിയാണിപ്പോൾ.
ജനുവരി 19-ന് തുടങ്ങിയ ഒന്നാം ഘട്ട വെടിനിർത്തലിന്‍റെ സമയ പരിധി അവസാനിക്കുകയും രണ്ടാം ഘട്ട ചർച്ചകൾ അലസിപ്പിരിയുകയും ചെയ്തതോടെ ആണ് ഗാസ വീണ്ടും യുദ്ധഭൂമിയായത്. ലോകം പ്രതീക്ഷയോടെ കണ്ട സമാധാന കരാർ തകർന്നതിനു കാരണക്കാർ ഹമാസ് ആണെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തുന്നു. മറിച്ചാണെന്ന് ഹമാസും പറയുന്നു. ശത്രുക്കളോട് ദയ കാട്ടില്ലെന്നും ബന്ദികളെ ഹമാസ് മോചിപ്പിക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു പറയുന്നു.
അതിനിടെ ഇന്നലെ മധ്യ ഇസ്രയേലിലേക്കു ഹമാസ് റോക്കറ്റാക്രമണം നടത്തി. ഇസ്രയേലിൽ പലയിടത്തും വ്യോമാക്രമണ മുന്നറിയിപ്പായി സൈറണുകൾ മുഴങ്ങി. യെമനിൽനിന്നുള്ള ജെറുസലേമിനെ ലക്ഷ്യമാക്കി വന്ന ഹൂതികളുടെ മിസൈൽ വെടിവച്ചിട്ടതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.