കാസർകോട്: പത്താം ക്ലാസ് യാത്രയയപ്പ് ആഘോഷത്തിനിടെ വിദ്യാർഥികൾ കഞ്ചാവ് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വിദ്യാർഥികളുടെ കൈയിൽ നിന്ന് കഞ്ചാവ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് കളനാട് സ്വദേശി കെ. കെ. സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്തതിന്റെ പേരിൽ സമീറിനെതിരെ എൻഡിപിഎസ് ആക്ടും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 പ്രകാരവും കേസുകൾ രജിസ്റ്റർ ചെയ്തു.
കഞ്ചാവ് ഉപയോഗിച്ച വിദ്യാർഥികളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു, ഇവർക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. സംഭവം സമൂഹത്തിൽ അതീവ ഗൗരവതരമായ ആശങ്ക ഉയർത്തുന്നതായി പൊലീസ് വ്യക്തമാക്കി.