ന്യൂ ഡൽഹി: ഖത്തർ അമീറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്താൻ തീരുമാനമായി. തന്ത്രപ്രധാന ബന്ധം ഉയർത്താനുള്ള കരാറുകളോടൊപ്പം ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനുള്ള നിർണായക ഉടമ്പടികളിലും ഇരുവരും ഒപ്പുവച്ചു. 2030 ആകുമ്പോഴേക്കും വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി ഖത്തർ ഇന്ത്യയിൽ 10 ബില്യൺ യുഎസ് ഡോളർ നിക്ഷേപം നടത്തും. 5 ധാരണാപത്രങ്ങളിലും 2 കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാംസ്കാരിക ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് നിരവധി സുപ്രധാന കരാറുകളിലാണ് ഇരുവരും ഒപ്പുവച്ചത്. ഇന്ത്യയിൽ സ്മാർട്ട് സിറ്റികളിലും ഫുഡ് പാർക്കിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും നിക്ഷേപം നടത്തുമെന്ന് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽഥാനി അറിയിച്ചു. ഖത്തറിൽ നിന്ന് കൂടുതൽ എൽഎൻജി വാങ്ങാൻ ഇന്ത്യയും തീരുമാനിച്ചു. ഖത്തറിന് ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനയ്ക്ക് ഖത്തർ അമീർ നന്ദി അറിയിച്ചു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു.
കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽഥാനി ഇന്ത്യയിലെത്തിയത്. ഖത്തർ അമീറിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേല്പ് നല്കി. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായും അമീർ കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഷെയ്ത് തമീം ബിൻ ഹമദ് അൽ താനി രാത്രി മടങ്ങി.