ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ പീരങ്കി ശേഷിയിൽ വമ്പിച്ച പുരോഗതി കൈവരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) 7,000 കോടി രൂപയുടെ അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം (ATAGS) കരാറിന് അംഗീകാരം നൽകി. തദ്ദേശീയമായി വികസിപ്പിച്ച ഈ അത്യാധുനിക ആയുധങ്ങൾ, സൈന്യത്തിന് കൂടുതൽ ദൂരം, ശക്തി, പ്രതിരോധ ശേഷി എന്നിവ നൽകും.
സിസിഎസ് അംഗീകാരം ലഭിച്ചതോടെ, 307 എടിഎജിഎസ് തോക്കുകൾ ഉടൻ സേനയുടെ സജ്ജീകരണത്തിലേക്ക് എത്തും. 48 കിലോമീറ്റർ വരെ ദൂരപരിധിയില്‍ പ്രഹരമേല്‍പ്പിക്കാന്‍ ശേഷിയുള്ള ഈ ആയുധങ്ങൾ മൗണ്ടഡ് ഗൺ സിസ്റ്റം (MGS) സംവിധാനത്തിലേക്ക് ഏകീകരിക്കപ്പെടും. MGS-യുടെ പരീക്ഷണങ്ങൾ 2026 ഓടെ പൂർത്തിയാകും.
2013-ൽ പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) ആരംഭിച്ച ATAGS പദ്ധതി, ഭാരത് ഫോർജും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ചേർന്നാണ് വികസിപ്പിച്ചത്. കരാറിന്റെ അടിസ്ഥാനത്തിൽ, ഭാരത് ഫോർജ് 60% തോക്കുകൾ നിർമ്മിക്കുകയും ടാറ്റ 40% നിർമ്മിക്കുകയും ചെയ്യും.
2020-ലെ ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം, അതിർത്തികളിലെ സൈനിക വിന്യാസം വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യൻ സേന കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. ATAGS, പ്രത്യേകിച്ച് ലൈൻ ഓഫ് അക്ക്ച്വൽ കണ്ട്രോൾ (LAC) മേഖലയിൽ ഇന്ത്യൻ സേനയ്ക്ക് അതിശക്തമായ ഒരു കൂട്ടിച്ചേർക്കലാകുമെന്ന് കരുതുന്നു. ‘മെയ്ക് ഇൻ ഇന്ത്യ‘ പദ്ധതിയുടെ ഭാഗമായി, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ആയുധം, സൈന്യത്തിന്റെ ആർട്ടിലറി നവീകരണത്തിന്റെ പ്രധാന ഭാഗമാകും.
ATAGS-നു പുറമെ, സേന പിനാക റോക്കറ്റ് സിസ്റ്റത്തിന്റെ ശേഷിയും വർദ്ധിപ്പിക്കുന്നു. നിലവിൽ നാല് റെജിമെന്റുകൾ ഉള്ള ഈ മിസൈൽ സംവിധാനം, 22 റെജിമെന്റുകളായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ പരിധി 72 കിലോമീറ്ററിൽ നിന്ന് 90 കിലോമീറ്ററായി വർദ്ധിപ്പിച്ചുകഴിഞ്ഞു, കൂടാതെ ഭാവിയിൽ 120 കിലോമീറ്ററിലേക്ക് ഉയർത്താനുളള ശ്രമങ്ങളും നടക്കുന്നു.
സേനയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ആധുനിക 155 എംഎം ആർട്ടിലറി ഗൺ സിസ്റ്റം ഉൾപ്പെടുത്തുന്നത് ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദനം ശക്തിപ്പെടുത്തും. ഈ സാമ്പത്തിക വർഷാവസാനത്തോടെ ATAGS കരാർ ഒപ്പിടുമെന്ന് സൈനിക ഉന്നതർ വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ ഇന്ത്യൻ സേന ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനങ്ങളിലൊന്നായി മാറുമെന്ന് വിലയിരുത്തൽ .