ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ കൂടി തോറ്റതോടെ എഎപിയുടെ പതനം പൂര്‍ണമായി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് കെജ്‌രിവാള്‍ പരാജയപ്പെട്ടത്. 1844 വോട്ടിനായിരുന്നു തോല്‍വി. അതേസമയം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് മൂന്നാം സ്ഥാനത്താണ്. ജംഗ്‌പുര മണ്ഡലത്തിൽ എഎപി നേതാവ് മനീഷ് സിസോദിയയും തോറ്റു.
നീണ്ട 27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തിലെത്തുമ്പോള്‍ ആരാകും സുഷമ സ്വരാജിന് ശേഷം ഡല്‍ഹിയില്‍ ബിജെപി മുഖ്യമന്ത്രിയാകുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയെ ബി ജെ പി പാർലമെന്‍ററി ബോർഡ് തീരുമാനിക്കുമെന്നാണ് ബിജെപി ദേശീയ ജന സെക്രട്ടറി അരുൺ സിംഗ് പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് അരവിന്ദ് കെജ്രിവാളിനെ തറപറ്റിച്ച് ഈ തിരഞ്ഞെടുപ്പിലെ ജയന്റ് കില്ലറായ പര്‍വേശ് വര്‍മയ്ക്കാണ് സാധ്യത കൂടുതൽ എന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ് വര്‍മ. ഡല്‍ഹി ബിജെപിയിലെ പ്രമുഖനായ വിജേന്ദര്‍ ഗുപ്തയുടെ പേരും സജീവ പരിഗണനയില്‍ വരാം. 30,000 ത്തോളം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിലാണ് അദ്ദേഹം രോഹിണിയില്‍ നിന്ന് ജയിച്ചത്. അനുഭവപരിചയവും ഉറച്ച പാര്‍ട്ടിക്കാരന്‍ എന്ന പരിഗണനയും വിജേന്ദറിന് സാധ്യത കല്‍പിക്കപ്പെടുന്നു.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇത്തവണ എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ ബിജെപിയുടെ തേരോട്ടമാണ് കണ്ടത്. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർഗ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്.
ഡല്‍ഹിയില്‍ ആം ആദ്മിയുടെ പതനത്തിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ. പണത്തിന്റെ ശക്തി അരവിന്ദ് കെജ്‌രിവാളിനെ കീഴടക്കിയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം. ഞാൻ ഇത് അരവിന്ദ് കെജ്‌രിവാളിനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം അത് ശ്രദ്ധിച്ചില്ല. തന്റെ മുന്നറിയിപ്പുകള്‍ ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഹസാരെ പറഞ്ഞു.
കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി. ബിജെപിക്കെതിരെ പോരാടാന്‍ കൈകോര്‍ത്ത ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ വിമര്‍ശനം. ‘കുറച്ചുകൂടി പോരാടൂ, മനസ്സു നിറയെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ’ എന്ന് സമൂഹമാധ്യമത്തില്‍ ഒമര്‍ അബ്ദുള്ള കുറിച്ചു. ബിജെപിയെ നേരിടുന്നതില്‍ ഇന്ത്യ സഖ്യത്തിലെ ഭിന്നതയേയും, സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയും ഒമര്‍ അബ്ദുള്ള നേരത്തെ വിമര്‍ശിച്ചിരുന്നു.
Delhi Legislative Assembly election, 2025 Results >>