Friday, July 18, 2025
Mantis Partners Sydney
Home » അഭയാർഥികളെ അറബ് രാജ്യങ്ങൾ സ്വീകരിക്കണമെന്ന് ട്രംപ്.
ഇസ്രായേൽ

അഭയാർഥികളെ അറബ് രാജ്യങ്ങൾ സ്വീകരിക്കണമെന്ന് ട്രംപ്.

by Editor

വാഷിങ്ടൺ: ഗാസ വൃത്തിയാകണമെങ്കിൽ ജനങ്ങളെ മാറ്റണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ​ഗാസയിലെ അഭയാർത്ഥികളെ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി താൻ ഇക്കാര്യം സംസാരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. അഭയാർഥികളെ സ്വീകരിക്കാൻ തയ്യാറായതിൻ ജോർദാനെ അഭിനന്ദിക്കുന്നതായി ട്രംപ് പറഞ്ഞു. ഈജിപ്തും ജോർദാനും കൂടുതൽ അഭയാർഥികളെ സ്വീകരിക്കണം.

10.50 ലക്ഷം ആളുകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഗാസയിൽ താമസിക്കുക എന്നത് സങ്കീർണമാണ്. അഭയാർത്ഥികളെ മാറ്റിപ്പാർപ്പിക്കുക എന്നത് അനിവാര്യമാണ്. ഇവർക്കായി വീട് നിർമിച്ച് നൽകും. ഗാസയിലെ അഭയാർത്ഥികൾക്ക് ഒരു മാറ്റത്തിനായി സമാധാനത്തോടെ ജീവിക്കാൻ പറ്റുന്ന ഒരിടം കണ്ടെത്തും. അവിടേക്ക് അഭയാർത്ഥികളെ മാറ്റിപ്പാർപ്പിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം ഗാസ മുനമ്പിന്റെ വടക്കന്‍ മേഖലയില്‍ നിന്ന് പലസ്തീന്‍ ജനതയെ അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് ഇസ്രയേല്‍ തടഞ്ഞതായി ഹമാസ് ആരോപിച്ചു. കരാര്‍ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം ഇസ്രയേലിനാണെന്നും ഹമാസ് പറഞ്ഞു. പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഗാസ മുനമ്പിലേക്ക് പ്രവേശിക്കാന്‍ നെത്‌സരിം ഇടനാഴിയില്‍ കാത്തിരിക്കുകയാണെന്ന് ഗാസ സിവില്‍ പ്രതിരോധ ഏജന്‍സി വക്താവ് മഹ്‌മുദ് ബാസ്സലും പ്രതികരിച്ചു. വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ ശ്രമിച്ചവര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ ആക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടു.

വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം നാല് ഇസ്രയേല്‍ വനിതാ സൈനികരെ വിട്ടയച്ചിരുന്നു. പിന്നാലെ ഇസ്രയേല്‍ 200 പലസ്തീന്‍ തടവുകാരെയും വിട്ടയച്ചു. ഒരാഴ്ച മുമ്പാണ് ഇസ്രയേൽ -ഹമാസ് തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഇസ്രയേല്‍ തടവിലാക്കിയ പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഹമാസ് ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

4 യുവ വനിതാ സൈനികരെ കൂടി ഹമാസ് മോചിപ്പിച്ചു.

Send your news and Advertisements

You may also like

error: Content is protected !!