ജറുസലം: ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി 4 യുവ വനിതാ സൈനികരെ ഹമാസ് മോചിപ്പിച്ചു. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ ബാഗ് എന്നിവരെയാണ് മോചിപ്പിച്ചത്. നാല് പേരും സൈനിക യൂണിഫോമില്‍ ഒരു പോഡിയത്തില്‍ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇവരെ റെഡ് ക്രോസ് അംഗങ്ങള്‍ക്ക് കൈമാറി. 2023 ഒക്ടോബർ 7 -ന് ഗാസ അതിർത്തിക്ക് സമീപം സേവനമനുഷ്ഠിക്കുന്നതിനിടെ പലസ്തീൻ ഓപ്പറേറ്റർമാർ തട്ടിക്കൊണ്ടുപോയവരാണ് ഇവർ. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ ബന്ദിമോചനമാണിത്. കരാര്‍ പ്രകാരം ഇന്ന് ഇസ്രയേല്‍ പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും.
ആദ്യഘട്ടത്തില്‍ മൂന്ന് ബന്ദികളെയായിരുന്നു ഹമാസ് ഇസ്രയേലിന് കൈമാറിയത്. ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നിവരെയായിരുന്നു മോചിപ്പിച്ചത്. തുടര്‍ന്ന് ഇസ്രയേല്‍ 69 സ്ത്രീകളും 21 കുട്ടികളുമടങ്ങുന്ന 90 അംഗ സംഘത്തെ മോചിപ്പിച്ചിരുന്നു. ജനുവരി 19-ന് ഇസ്രയേല്‍ പ്രാദേശിക സമയം രാവിലെ 11.15ഓടെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.