മസ്കറ്റ്: ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം നൽകി ആദരിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് പ്രധാനമന്ത്രിക്ക് പുരസ്കാരം സമ്മാനിച്ചു. ഒരു വിദേശ രാജ്യത്ത് നിന്ന് പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്ന 29-ാമത്തെ ഉയർന്ന സിവിലിയൻ പുരസ്‌കാരമാണിത്. ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ അവസാന ഘട്ടമായ ബുധനാഴ്‌ചയാണ് മോഡി ഒമാനിലെത്തിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി ഒമാൻ സന്ദർശിച്ചത്.
ഇന്ത്യയും ഒമാനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സുൽത്താൻ ഹൈത്തം ബിൻ താരിഖും തമ്മിൽ നടന്ന കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെയാണ് വ്യാപാര കരാറിൽ ഒപ്പുവച്ചത്. ഉഭയകക്ഷി കൂടിക്കാഴ്‌ചയ്ക്ക് മുമ്പ് പ്രധാനമന്ത്രി മോഡിയെ സുൽത്താൻ ഹൈത്തം മസ്കറ്റിലെ അൽബറക്ക പാലസിൽ സ്വീകരിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70 വർഷത്തെ പൂർത്തീകരണം ഉഭയകക്ഷി പങ്കാളിത്തത്തിലെ ഒരു നാഴികക്കല്ലായാണ് ഇരു നേതാക്കളും കണക്കാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ പറഞ്ഞു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളാണ് ചർച്ച ചെയ്‌തത്. പ്രതിരോധം, സുരക്ഷ, വ്യാപാരവും നിക്ഷേപവും, ഊർജ്ജം, കൃഷി, സാങ്കേതിക വിദ്യ, പുതിയതും ഉയർന്ന് വരുന്നതുമായ മറ്റ് മേഖലകൾ, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവ ഉൾപ്പെടെ വിശാലമായ വിഷയങ്ങളിലും ഇരു നേതാക്കളും അഭിപ്രായങ്ങൾ പങ്കുവച്ചു. പ്രാദേശികവും ആഗോളവുമായി താൽപ്പര്യമുള്ള വിഷയങ്ങളും അവർ ചർച്ച ചെയ്‌തുവെന്ന് ജയ്‌സ്‌വാൾ പറഞ്ഞു.
സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒപ്പുവെച്ചതിനെ ഉഭയകക്ഷി ബന്ധങ്ങളിലെ ഒരു നാഴികക്കല്ലായാണ് ഇരു നേതാക്കളും വിശേഷിപ്പിച്ചത്. ഈ കരാർ ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തെ ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് അവർ വിശ്വസിക്കുന്നുവെന്നും ജയ്‌സ്‌വാൾ അഭിപ്രായപ്പെട്ടു. വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഒമാൻ്റെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി കൈസ് ബിൻ മുഹമ്മദ് അൽ യൂസഫും ചേർന്നാണ് കരാർ ഒപ്പുവച്ചത്.
ജോർദാനിലും എത്യോപ്യയിലും സന്ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഒമാനിൽ എത്തിയത്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ സമ്മാനിച്ചു. പ്രധാനമന്ത്രിയുമായി എത്യോപ്യന്‍ പ്രധാനമന്ത്രി ഡോക്ടര്‍ അബി അഹമ്മദ് കൂടിക്കാഴ്ച നടത്തി. ഇന്ത്യ- എത്യോപ്യ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. വ്യാപാര-പ്രതിരോധ-കാര്‍ഷിക രംഗങ്ങളില്‍ ഏത്യോപ്യയുമായുള്ള സഹകരണത്തിനുള്ള സന്നദ്ധത മോദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ മൂന്നു ധാരണാപത്രങ്ങളും ഒപ്പുവച്ചു. 2011നുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി എത്യോപ്യ സന്ദര്‍ശിക്കുന്നത്.
“ഇത്യോപ്യ സിംഹങ്ങളുടെ നാടാണ്. എൻ്റെ മാതൃസംസ്ഥാനമായ ഗുജറാത്ത് ഇന്ത്യയിലെ സിംഹങ്ങളുടെ ആവാസ കേന്ദ്രമായതിനാൽ എനിക്ക് ഇവിടെ എത്തിയപ്പോൾ വീട്ടിലെത്തിയതുപോലെയാണ് തോന്നുന്നത്. ഇന്ത്യയുടെ വന്ദേമാതരവും ഇത്യോപ്യയുടെ ദേശീയ ഗാനവും നമ്മുടെ ഭൂമിയെ മാതാവ് എന്നാണ് പരാമർശിക്കുന്നത്. പൈതൃകം, സംസ്‌കാരം, സൗന്ദര്യം എന്നിവയിൽ അഭിമാനിക്കാനും മാതൃരാജ്യത്തെ സംരക്ഷിക്കാനും അവ നമ്മെ പ്രചോദിപ്പിക്കുന്നു. കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ഇത്യോപ്യയ്ക്ക് നാലു ദശലക്ഷത്തിലധികം വാക്‌സീൻ ഡോസുകൾ വിതരണം ചെയ്യാൻ സാധിച്ചത് ഇന്ത്യയുടെ അഭിമാനകരമായ നേട്ടമാണ്. ഇന്ന് ഇത്യോപ്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിൽ ഇന്ത്യൻ കമ്പനികളും ഉണ്ട്. കാലാവസ്‌ഥയിലും ആത്മാവിലും ഇന്ത്യയും ഇത്യോപ്യയും ഊഷ്‌മളത പങ്കിടുന്നു. ഏകദേശം 2000 വർഷങ്ങൾക്ക് മുൻപ്, നമ്മുടെ പൂർവികർ വലിയ ജലാശയങ്ങളിലൂടെ ബന്ധങ്ങൾ സ്‌ഥാപിച്ചു. ആധുനിക കാലത്ത്, 1941-ൽ ഇത്യോപ്യയുടെ വിമോചനത്തിനായി ഇന്ത്യൻ സൈനികർ ഇത്യോപ്യക്കാർക്കൊപ്പം പോരാടിയതോടെ നമ്മുടെ ബന്ധം ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചു.” ഇത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
ജോർദാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വർഷത്തെ ആഘോഷത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി അമ്മാനിൽ എത്തിയത്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ചർച്ചയുടെ ഫലങ്ങൾ നമ്മുടെ പൗരന്മാർക്ക് പുരോഗതിയുടെയും സമൃദ്ധിയുടെയും പുതിയ വഴികൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോർദാനിലെ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക യാത്രയയപ്പ് നൽകി ജോർദാൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ. മോദിയെ സ്വന്തം കാറിൽ ജോർദാൻ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. തുടർന്ന് പ്രധാനമന്ത്രിയെ യാത്രയയ്‌ക്കാനായി വിമാനത്താവളത്തിലേക്കും എത്തി. ജോർദാനിൽ നിന്ന് തന്നെ യാത്രയയ്‌ക്കാൻ വിമാനത്താവളത്തിൽ എത്തിയ കിരീടാവകാശി അൽ-ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമന് മോദി നന്ദി അറിയിക്കുകയും ചെയ്തു.


