കൊച്ചി: പൃഥ്വിരാജ് സുകുമാരൻ നായകനായ ‘ഖലീഫ’ മികച്ച പ്രേക്ഷക പ്രതികരണവും ശക്തമായ ബോക്സ് ഓഫീസ് പ്രകടനവുമായി തിയേറ്ററുകളിൽ കുതിക്കുന്നു. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ ₹35 കോടി കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. ‘ഖലീഫ’ തിയേറ്ററുകളിലെത്തിയതിനു പിന്നാലെ ചിത്രത്തിനെതിരെ നെഗറ്റീവ് ക്യാമ്പയിൻ നടന്നതായി ആരോപണം ഉയർന്നിരുന്നു. റിലീസ് ചെയ്ത ആദ്യ ഷോയുടെ ഇടവേളയ്ക്ക് മുമ്പ് തന്നെ ചിത്രത്തിനെതിരായ നിരവധി നെഗറ്റീവ് റിവ്യൂകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതായാണ് പരാതി.
റിലീസ് ദിനം വൈകുന്നേരത്തിന് മുമ്പായി തന്നെ ആയിരത്തോളം നെഗറ്റീവ് റിവ്യൂകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതായുള്ള ചർച്ചകളും ശക്തമായി. എന്നാൽ ആദ്യ രണ്ട് പ്രദർശനങ്ങൾ കഴിഞ്ഞതോടെ സ്ഥിതിഗതികളിൽ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടായത്. നെഗറ്റീവ് റിവ്യൂകൾക്ക് പിന്നാലെ പോസിറ്റീവ് അഭിപ്രായങ്ങളും മികച്ച പ്രേക്ഷക പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷക പ്രതികരണങ്ങളിൽ ഉണ്ടായ ഈ മാറ്റം മലയാള സിനിമാലോകത്തും ശ്രദ്ധ നേടുകയാണ്.
ആസൂത്രിത നെഗറ്റീവ് പ്രചാരണങ്ങളെ മറികടന്ന് പ്രേക്ഷക പിന്തുണയോടെ ‘ഖലീഫ’ തിയേറ്ററുകളിൽ മുന്നേറുന്നതായാണ് നിലവിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത ‘ഖലീഫ’, മാസ് ആക്ഷനും ത്രില്ലും ഉൾപ്പെടെയുള്ള ചേരുവകൾ സമന്വയിപ്പിച്ച് പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രമായാണ് ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെയും ടോവിനോയുടെയും അതിഥി വേഷം, ആവേശം നിറയ്ക്കുന്ന സംഘട്ടന രംഗങ്ങൾ, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം, മികവുറ്റ ഛായാഗ്രഹണം എന്നിവ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി മാറുന്നു.
മാസ് ആക്ഷനൊപ്പം മികച്ച സാങ്കേതിക മികവും ഒത്തുചേരുന്ന ‘ഖലീഫ’യ്ക്ക് ലഭിക്കുന്ന സ്വീകാര്യത വൈശാഖിന്റെ മറ്റൊരു മെഗാഹിറ്റിലേക്കുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ ട്രെൻഡ് തുടർന്നാൽ വരും ദിവസങ്ങളിൽ ചിത്രം ബോക്സ് ഓഫീസിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.

