Mantis Partners Sydney
Saturday, February 21, 2026
Mantis Partners Sydney
Home » ബോർഡ് ഓഫ് പീസിന്‍റെ ആദ്യ യോഗത്തിൽ നിരീക്ഷക രാജ്യമായി ഇന്ത്യയും പങ്കെടുത്തു.
ബോർഡ് ഓഫ് പീസിന്‍റെ ആദ്യ യോഗത്തിൽ നിരീക്ഷക രാജ്യമായി ഇന്ത്യയും പങ്കെടുത്തു.

ബോർഡ് ഓഫ് പീസിന്‍റെ ആദ്യ യോഗത്തിൽ നിരീക്ഷക രാജ്യമായി ഇന്ത്യയും പങ്കെടുത്തു.

by Editor
Send your news and Advertisements

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബോർഡ് ഓഫ് പീസ് സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം വാഷിംഗ്ടണിൽ ചേർന്നു. യോഗത്തിൽ നിരീക്ഷക രാജ്യമായി ഇന്ത്യ പങ്കെടുത്തു. വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിയിലെ നംഗ്യ സി ഖാംപയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

വാഷിംഗ്ടണിലെ യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിൽ നടന്ന യോഗത്തിൽ അൻപതോളം രാജ്യങ്ങൾ പങ്കെടുത്തു. ഇതിൽ അസർബൈജാൻ, ബെലാറസ്, ഈജിപ്റ്റ്, ഹംഗറി, ഇന്തോനേഷ്യ, ഇസ്രയേൽ, ജോർദാൻ, മൊറോക്കോ, പാക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, തുർക്കി, യുഎഇ, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നിവയുൾപ്പെടെ 27 രാജ്യങ്ങൾ ബോർഡിന്റെ ഭാഗമാണ്. ഇന്ത്യയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ ബാക്കിയുള്ള രാജ്യങ്ങൾ നിരീക്ഷകരായാണ് പങ്കെടുത്തത്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തുടങ്ങിയവർ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തു.

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിന് മേൽനോട്ടം വഹിയ്ക്കുക, ഗാസയുടെ പുനർനിർമ്മാണത്തിനായുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുക, ഗാസയിലെ വെടിനിർത്തൽ സ്ഥിരപ്പെടുത്തുക, സമാധാനപരമായ ഒരു ഭരണസംവിധാനം അവിടെ നടപ്പിലാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളായി ആദ്യം വിഭാവനം ചെയ്തത്. എന്നാൽ യുഎസ് പ്രസിഡന്‍റ് ബോർഡ് ഓഫ് പീസിനെ അടുത്ത ഘട്ടത്തിലേക്ക് വിപുലീകരിക്കുന്നതാണ് പിന്നീട് കണ്ടത്. ഐക്യരാഷ്ട്ര സഭയ്ക്ക് എതിരാളിയാകാൻ സാധ്യതയുള്ള സംഘടനയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ഈ സമിതി ഐക്യരാഷ്ട്രസഭയുടെ (UN) പ്രസക്തി കുറയ്ക്കുമെന്ന് ചില രാജ്യങ്ങൾ ആശങ്കപ്പെടുന്നു. വത്തിക്കാൻ ഉൾപ്പെടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങൾ ഈ സമിതിയുടെ ഭാഗമാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ബോർഡിന്റെ ഭാഗമാകാനുള്ള ക്ഷണം സ്വീകരിക്കുമോ ഇല്ലയോ എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ദാവോസിലെ ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. തുടർന്ന് ഫെബ്രുവരി 12 നാണ്, ട്രംപിന്‍റെ ക്ഷണം പരിഗണനയിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചത്. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബോർഡ് ഓഫ് പീസ് പദ്ധതിയിലേക്ക് ഇതുവരെ ഒൻപത് രാജ്യങ്ങൾ സംയുക്തമായി 700 കോടി ഡോളർ വാഗ്ദാനം ചെയ്തു. ഇന്തൊനീഷ്യ, മൊറോക്കോ, കസാഖിസ്ഥാൻ , കൊസവോ, അൽബേനിയ എന്നീ രാജ്യങ്ങൾ ചേർന്ന് 700 കോടി കൈമാറാൻ സന്നദ്ധത അറിയിച്ചെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. കൂടാതെ, അമേരിക്ക 10 ബില്യൺ ഡോളർ ഈ പദ്ധതിക്കായി നൽകുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഗാസയിൽ സമാധാനം നിലനിർത്തുന്നതിനായി 20,000 സൈനികർ അടങ്ങുന്ന ഒരു അന്താരാഷ്ട്ര സേനയെ രൂപീകരിക്കാൻ തീരുമാനിച്ചു. ഇന്തോനേഷ്യ, അൽബേനിയ, കസാക്കിസ്ഥാൻ, കൊസോവോ, മൊറോക്കോ എന്നീ രാജ്യങ്ങൾ ഈ സേനയിലേക്ക് സൈനികരെ അയക്കാൻ സമ്മതിച്ചു.

You may also like

error: Content is protected !!