Thursday, April 30, 2026
Home » ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാർ

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാർ

by Editor

ന്യൂഡൽഹി: അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണം തുടരുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കി. കരമാർഗം അയൽരാജ്യമായ അർമേനിയയിലേക്കും തുർക്ക്മെനിസ്ഥാനിലേക്കും എത്തിക്കാനാണ് ആലോചന. വിദ്യാർഥികൾ ഉൾപ്പെടെ 9000 ഇന്ത്യക്കാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. വിദ്യാർഥികൾ, ഷിയ വിഭാഗത്തിൽപ്പെടുന്ന തീർഥാടകർ, നാവികർ എന്നിവരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യക്കാരിൽ ഭൂരിഭാഗവും ജമ്മു കാശ്മീരിൽ നിന്നുള്ളവരാണ്.

ടെഹ്റാൻ, കോം എന്നിവിടങ്ങളിലാണ് കൂടുതൽ ഇന്ത്യക്കാർ ഉള്ളത്. യുദ്ധ സാഹചര്യത്തിൽ ഇറാൻ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. പലായനം ചെയ്യേണ്ടവരെ കരമാർഗം അയൽ രാജ്യമായ അർമേനിയയിലേക്കും തുർക്ക്മെനിസ്ഥാനിലേക്കും എത്തിക്കും. അവിടെ നിന്ന് ഇന്ത്യയിലേക്ക് വിമാന മാർഗം എത്തിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.

ഇറാനിയൻ തലസ്ഥാനത്ത് നിന്ന് ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. കുറച്ച് വിദ്യാർഥികൾ മാത്രമാണ് നഗരത്തിൽ അവശേഷിക്കുന്നത്. എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്.

വിദേശ പൗരന്മാരെ രാജ്യം വിടാൻ അനുവദിക്കുന്നതിനായി തുർക്ക്‌മെനിസ്ഥാൻ ഇറാനുമായുള്ള അതിർത്തിയിൽ നിരവധി അധിക ചെക്ക് പോസ്റ്റുകൾ തുറന്നിട്ടുണ്ട്. അതേസമയം വരും ദിവസങ്ങളിൽ ഇറാനു മേലുള്ള അമേരിക്കൻ ആക്രമണങ്ങൾ വർധിച്ചേക്കാം എന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിൻ്റെ മുന്നറിയിപ്പും വന്നിട്ടുണ്ട്.

യുഎസ്എസ് ജെറാൾഡ് ഫോർഡ് ഇസ്രായേൽ തീരത്തുനിന്നു ചെങ്കടലിലെത്തി; ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്.

Send your news and Advertisements

You may also like

error: Content is protected !!