മോസ്കോ: കാൻസറിനെതിരെ എംആർഎൻഎ വാക്സീൻ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യ. കാൻസർ രോഗികൾക്കു വാക്സീൻ സൗജന്യമായി വിതരണം ചെയ്യുമെന്നു റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ജനറൽ ഡയറക്ടർ ആൻഡ്രി കപ്രിൻ പറഞ്ഞു. ക്യാൻസർ ട്യൂമറുകൾ ഉണ്ടാവുന്നത് തടയാനും കോശങ്ങളുടെ ക്യാൻസറിലേക്കുള്ള മാറ്റം ഫലപ്രദമായി തടയാനും ഈ വാക്സിന് സാധിക്കുമെന്ന് പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞതായി ഗമലെയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആന്റ് മൈക്രോ ബയോളജി ഡയറക്ടർ അലക്സാണ്ടർ ഗിൻറ്റ്സ്‍ബെർഗ് വാർത്താ ഏജൻസിയോട് പറഞ്ഞു. വാക്സിനുകളുടെയും അതിലെ എംആർഎംഎകളെടെയും ഘടന നിശ്ചയിക്കുന്ന സങ്കീർണമായ പ്രക്രിയ നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ന്യൂറൽ നെറ്റ്‍വർക്ക് കംപ്യൂട്ടിങ് വഴി അര മണിക്കൂർ മുതൽ പരമാവധി ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാകുന്ന തരത്തിലേക്ക് മാറ്റാൻ കഴിഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു.
ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉദ്ദീപിപ്പിച്ച് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുകയാണ് ഈ വാക്സിനുകളുടെ രീതി. ട്യൂമർ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ആന്റിജനുകളെയോ അല്ലെങ്കിൽ പ്രത്യേക പ്രോട്ടീനുകളെയോ ആയിരിക്കും വാക്സിനുകൾ ലക്ഷ്യമിടുക. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ക്യാൻസർ കോശങ്ങൾക്കെതിരായി പ്രവർത്തിക്കാൻ സജ്ജമാക്കുകയാണ് ചെയ്യുന്നത്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ പ്രത്യേക രീതിയിൽ പരിപോഷിപ്പിച്ച് ക്യാൻസർ പ്രതിരോധത്തിനും രോഗത്തിന്റെ തിരിച്ചുവരവ് തടയാനും ക്യാൻസറിന്റെ പ്രാഥമിക ലക്ഷണങ്ങളെ പ്രതിരോധിക്കാനും സജ്ജമാക്കാനാകുമെന്ന കണ്ടെത്തൽ ക്യാൻസർ ചികിത്സയിൽ നിർണായക സ്വാധീനം ചെലുത്തിയേക്കും. വാക്സിൻ വിതരണം 2025 ന്റെ തുടക്കത്തിൽ ആരംഭിക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ റേഡിയോളജിക്കൽ മെഡിക്കൽ റിസർച്ച് സെൻ്റർ മേധാവി ആന്ദ്രേ കാപ്രിൻ പറഞ്ഞു.