ബംഗ്ലാദേശ് മ്യാൻമർ അതിർത്തിയിലെ സംഘർഷം. ബംഗ്ലാദേശിലേക്ക് കടന്നു കയറി അരാക്കൻ സൈന്യം. ബംഗ്ലാദേശിന്റെ ചില ഭാഗങ്ങൾ അരാക്കൻ സൈന്യം പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ബംഗ്ലദേശ് സർക്കാർ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. മ്യാൻമറിലെ റാഖൈൻ പ്രവിശ്യയുടെ വലിയൊരു ഭാഗത്തിന്റെ നിയന്ത്രണം അരാക്കൻ സൈന്യം ഏറ്റെടുത്ത ശേഷം ബംഗ്ലാദേശിന്റെ അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കമാണ് അവർ നടത്തുന്നത് എന്നാണ് സൂചന. മ്യാൻമറിലെ വിമത ഗ്രൂപ്പായ അരാക്കൻ ആർമി (എഎ) ബംഗ്ലാദേശിലെ ടെക്‌നാഫ് മേഖലയുടെ ചില ഭാഗങ്ങൾ ആണ് പിടിച്ചെടുത്തത്. റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകൾക്കും ബംഗ്ലാദേശിലെ പ്രതിസന്ധിയുടെ മൂലകാരണങ്ങളിൽ ഒന്നായ കുപ്രശസ്തമായ സെൻ്റ് മാർട്ടിൻ ദ്വീപിനും സാമീപമുള്ള പ്രദേശം തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്. ഈ മേഖലയിൽ ചില ദിവസങ്ങളിൽ കനത്ത വെടിവെയ്പ്പ് നടന്നതായി ബംഗ്ലാദേശിൽ നിന്നുള്ള ദി ഡെയ്‌ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവാദമായ സെന്റ് മാർട്ടിൻ ദ്വീപിൽ അരാക്കൻ സൈന്യത്തിന് കണ്ണുണ്ട്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിടാൻ നിർബന്ധിതയായത് മുതൽ അഭൂതപൂർവമായ പ്രതിസന്ധിക്കാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിക്കുന്നത്.
ഷെയ്ക്ക് ഹസീന സര്‍ക്കാരിന്റെ അട്ടിമറിയെ തുടര്‍ന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ അസ്വസ്ഥമായ ഇക്കാലത്ത് അരാക്കന്‍ ആര്‍മിയുടെ വിജയത്തിന്റെ പ്രത്യാഘാതങ്ങളും അതുണ്ടാക്കാവുന്ന ഭൗമരാഷ്ട്രീയ ബലാബലത്തിലെ മാറ്റങ്ങളും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയാണ്. ഇന്ത്യന്‍ ചാരസംഘടന റോയുടെ (റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) സഹായവും എ.എയുടെ പെട്ടെന്നുള്ള കുതിപ്പിനു കാരണമായെന്ന ആരോപണവും ശക്തമാണ്. എന്നാൽ മ്യാന്‍മറിലെ രാഘൈന്‍ പ്രവിശ്യയില്‍ അധിവസിക്കുന്ന രാഘൈന്‍ വംശജര്‍ക്ക് കൂടുതല്‍ സ്വയംഭരണം എന്ന ആവശ്യം മുന്‍നിര്‍ത്തി പോരാടുന്ന ഈ സൈന്യത്തിന്റെ പുതിയ വിജയക്കുതിപ്പ് സ്വാഭാവികമാണെന്നു കരുതുന്നവരുണ്ട്. മ്യാന്‍മാറില്‍ നിന്നുള്ള പീഡനം കാരണം ബംഗ്ലാദേശിലേക്ക് കൂട്ടമായി പലായനം ചെയ്യുന്ന രോഹിംഗ്യ മുസ്ലിങ്ങള്‍, അതിര്‍ത്തിയിലെ ഷെല്ലിംഗ്, ആയുധക്കടത്ത്, അരാക്കാന്‍ ആര്‍മി നേടുന്ന വിജയങ്ങള്‍ എല്ലാം ധാക്കയിലെ ഇടക്കാല സര്‍ക്കാരിനു വലിയ തലവേദനയാണ് സൃഷ്ട്ടിക്കുന്നത്. മ്യാന്‍മാറിനും ബംഗ്ലാദേശിനും ഇടയ്ക്കുള്ള 270 കിലോമീറ്റര്‍ അതിര്‍ത്തിയും അരാക്കാന്‍ ആര്‍മി പിടിച്ചടക്കിയിരിക്കുകയാണ്. 2009-ല്‍ മാത്രം രൂപം കൊണ്ട ഈ വംശീയ സൈന്യം തൊഴില്‍ തേടി ചൈനീസ് അതിര്‍ത്തി കടന്ന രാഘൈന്‍ ചെറുപ്പക്കാര്‍ സൃഷ്ടിച്ചതാണ്. രാഖൈനിലെ തേരാവാദ ബുദ്ധമതക്കാരാണ് ഈ സംഘടനയിലുള്ളത്. ഗറില്ലാ യുദ്ധതന്ത്രത്തിലും സമര്‍ത്ഥരാണ് അരാക്കനീസ് ഭടന്‍മാര്‍. ഭൂപ്രകൃതി നന്നായി ഉപയോഗപ്പെടുത്തുന്നതിനാല്‍ അവരെ കീഴ്‌പ്പെടുത്തുന്നത് മ്യാന്‍മര്‍ സൈന്യത്തിന് എളുപ്പമല്ല.
എന്നും ചൈന മ്യാന്‍മാറിലെ അസ്ഥിരത മുതലെടുത്തിരുന്നു. ദശകങ്ങളായി അവിടെയുള്ള വിമതസേനകള്‍ക്ക് (കാരെന്‍, ഷാന്‍, അരാക്കാന്‍ തുടങ്ങിയവ) എല്ലാ സൗകര്യങ്ങളും മാത്രമല്ല, അഭയവും നല്‍കി വന്നത് ചൈനയാണ്. അരാക്കാന്‍ ആര്‍മിയുടെ മുന്നേറ്റം എങ്ങനെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയും എന്ന ആലോചനയിലാവും ചൈനീസ് നയതന്ത്രജ്ഞര്‍. ഔദ്യോഗികമായി ഇന്ത്യ മ്യാന്‍മര്‍ പ്രശ്‌നത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എത്രയും വേഗം അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കണം എന്നതാണ് ഭാരതത്തിന്റെ ഔദ്യോഗിക നിലപാട്. മ്യാന്‍മറിലെ സൈനിക സര്‍ക്കാരിലും വിമത സംഘങ്ങളിലും വളര്‍ന്നുവരുന്ന ചൈനയുടെ സ്വാധീനം നിയന്ത്രിക്കാന്‍ വേണ്ടി ഇന്ത്യ അരാക്കാന്‍ സേനയ്ക്ക് പരിമിതമായ തോതില്‍ പരിശീലനവും ആയുധങ്ങളും പണവും കൂടാതെ രഹസ്യവിവരങ്ങളും നല്‍കുകയാണെന്ന് മ്യാന്‍മര്‍ സൈന്യവുമായി ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നുണ്ട്. ഇന്ത്യ ഈ ആരോപണത്തെ ഒരുതരത്തിലും അംഗീകരിച്ചിട്ടില്ല. എന്നാൽ ഇന്ത്യ ഇടപെടണം എന്ന് ആവിശ്യപെടുന്നവർ ഉണ്ട്. കാരണം ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികളെയും ആഭ്യന്തരപ്രശ്‌നങ്ങളെയും നേരിടുകയാണെങ്കിലും ബംഗ്ലാദേശ് പാക്കിസ്ഥാനോടു കൂടുതല്‍ അടുക്കുകയാണ്. രണ്ടാമത്തേത് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അശാന്തിക്കു തിരികൊടുക്കുന്നത് മ്യാന്‍മര്‍ അതിര്‍ത്തിക്കു തൊട്ടടുത്തു നിന്നുമാണെന്ന സൂചനകള്‍.
അതുപോലെ, ബംഗ്ലാദേശിലെ അസ്ഥിരത തങ്ങള്‍ക്ക് അനുകൂലമാക്കാനും ചൈന ശ്രമിക്കുമെന്നുറപ്പ്. ഇന്ത്യയോട് കൂടുതല്‍ അനുഭാവം കാണിച്ച മുന്‍പ്രധാനമന്ത്രി ഹസീനയ്‌ക്കെതിരായ ജനവികാരമുണ്ടാക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ വഴി ചൈന ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. എന്നാൽ ഡീപ് സ്റ്റേറ്റിന്റെ സംവിധാനത്തിലായിരുന്നു ബംഗ്ലാദേശിലെ ഭരണകൂട അട്ടിമറിയെന്നത് പരക്കെ വിശ്വസിക്കപ്പെടുന്നു. ആ നിലയ്ക്ക്, യൂനുസ് സര്‍ക്കാര്‍ ചൈനീസ് പ്രലോഭനത്തില്‍ വീഴുമോ, അല്ലെങ്കില്‍ വീഴാന്‍ അമേരിക്ക അനുവദിക്കുമോ എന്നത് കണ്ടറിയണം. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിയാനും സാധ്യതയുണ്ട്.