ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിൻ്റെ പ്രതിരോധ മന്ത്രിയും ഇസ്രായേൽ സൈന്യം പിടിച്ചെടുത്ത സിറിയൻ ബഫർ സോണിലെ തന്ത്രപ്രധാനമായ ഹെർമോൺ കൊടുമുടി സന്ദർശിച്ചു. ഹെർമോൺ പർവതത്തിന് മുകളിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സിറിയന്‍ അതിര്‍ത്തിയിലെ ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുന്ന മറ്റൊരു ക്രമീകരണം വരുന്നതുവരെ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം ആലോചനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേല്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള സിറിയയിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് ഹെര്‍മോണ്‍ പര്‍വതം. ഒരു ഇസ്രയേൽ പ്രധാനമന്ത്രി സിറിയയിലേക്ക് ഇത്രയും ദൂരം കടന്നെത്തുന്നത് ഇതാദ്യമായാണ്. 53 വർഷം മുമ്പ് സൈനികനെന്ന നിലയിൽ താൻ ഇതേ പർവതനിരയിൽ ഉണ്ടായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു. സിറിയൻ പ്രദേശത്ത് ഏകദേശം 400 ചതുരശ്ര കിലോമീറ്റർ (155 ചതുരശ്ര മൈൽ) സൈനികവൽക്കരിക്കപ്പെട്ട പ്രദേശമായ ബഫർ സോൺ ഇസ്രയേൽ പിടിച്ചെടുത്തിരുന്നു.
ഗോലാൻ കുന്നുകളിൽ സെറ്റിൽമെന്റുകൾ സ്ഥാപിച്ച് കുടിയേറ്റം ശക്തമാക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സർക്കാർ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഗോലാൻ കുന്നിൽ നിലവിലുള്ള ഇസ്രയേൽ ജനതയുടെ എണ്ണം ഇരട്ടിയാക്കാനാണു നീക്കം. അസദ് രാജ്യംവിട്ടതിനു പിറ്റേന്ന് ആണ് സിറിയയെ ഗോലാൻ കുന്നുകളിൽനിന്ന് വേർതിരിക്കുന്ന യുഎൻ ബഫർ സോണിലേക്ക് ഇസ്രായേൽ സൈന്യത്തെ വിന്യസിച്ചത്.