ലോക ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഇന്ത്യൻ സ്ത്രീകൾ കൈവശം വച്ചിരിക്കുന്നത് ഏകദേശം 24,000 ടൺ സ്വർണമാണ്. ഇന്ത്യൻ സ്ത്രീകളുടെ ഉടമസ്ഥതയുള്ള സ്വർണത്തിന്റെ അളവ് ലോകത്തെ മുൻനിര രാജ്യങ്ങളിലെ സ്വർണ ശേഖരത്തെക്കാൾ കൂടുതലാണെന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. ഇത് ലോകത്തെ മൊത്തം സ്വർണശേഖരത്തിന്റെ 11 ശതമാനമാണ്. സ്വർണശേഖരത്തിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങളുടെയെല്ലാം കരുതൽ ശേഖരം ഒരുമിച്ച് ചേർത്താൽ പോലും ഇന്ത്യയിലെ സ്ത്രീകളുടെ കൈവശമുള്ള സ്വർണത്തിന്റെ അടുക്കലെത്തില്ല. അമേരിക്ക (8,000 ടൺ), ജർമ്മനി (3,300 ടൺ), ഇറ്റലി (2,450 ടൺ) ഫ്രാൻസ് (2,400 ടൺ), റഷ്യ (1,900 ടൺ) എന്നിവരാണ് എന്നിവരാണ് സ്വർണശേഖരത്തിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങൾ. മറ്റൊരു രസകരമായ കാര്യം ഇന്ത്യയിലെ മൊത്തം സ്വർണത്തിന്റെ 40 ശതമാനവും ദക്ഷിണേന്ത്യയിലെ സ്ത്രീകളുടെ പക്കലാണ് എന്നുള്ളതാണ്. അതിൽ 28 ശതമാനവും തമിഴ്‌നാടിന് അവകാശപ്പെട്ടതാണ്.
ഇന്ത്യയിലെ ആദായനികുതി നിയമങ്ങൾ അനുസരിച്ച് വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം വരെ സ്വർണം കൈവശം വയ്‌ക്കാൻ അനുവാദമുണ്ട്. അതേസമയം അവിവാഹിതരായ സ്ത്രീകൾക്ക് കൈവശം വെയ്‌ക്കാവുന്നത് 250 ഗ്രാം സ്വർണമാണ്. പുരുഷന്മാർക്ക് അനുവദിച്ചിരിക്കുന്ന സ്വർണത്തിന്റെ അളവ് 100 ഗ്രാം മാത്രമാണ്. രാജ്യത്തിന്റെ ജിഡിപിയുടെ 40 ശതമാനം ഉൾകൊള്ളുന്ന ഈ സ്വർണ ശേഖരം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.