ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപം ചൈനയിൽ കണ്ടെത്തി. ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോ പ്രവിശ്യയുടെ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന പിംഗ്ജിയാങ്ങിലാണ് നിക്ഷേപം. ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ കണക്കനുസരിച്ച് 600 ബില്യൺ യുവാൻ, (6,91,473 കോടി രൂപ) വിലമതിക്കുന്നതാണ് നിക്ഷേപം. സെൻട്രൽ ചൈനയിൽ ഉയർന്ന നിലവാരത്തിലുളള 1000 മെട്രിക് ടൺ (1,100 യുഎസ് ടൺ) സ്വർണ അയിരുകളുടെ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് മൈനിൽ കണ്ടെത്തിയ 930 മെട്രിക് ടണ്ണിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വർണ ശേഖരമാകുമിതെന്നു പറയുന്നു. ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തനുസരിച്ച് പ്രാഥമിക പരിശോധനയിൽ രണ്ട് കിലോമീറ്റർ ആഴത്തിൽ 40 ഗോൾഡ് വെയിനുകൾ കണ്ടെത്തി. പ്രദേശത്തെ പല പാറകൾ തുരന്നപ്പോഴും സ്വർണത്തിന്റെ നിക്ഷേപം കണ്ടെത്താൻ സാധിച്ചെന്ന് ഓർ പ്രോസ്‌പെക്ടിംഗ് വിദഗ്ദനായ ചെൻ റൂലിൻ പറഞ്ഞു. 2000 മീറ്റർ പരിധിയിലുളള ഒരു ടൺ അയിരിൽ പരമാവധി 138 ഗ്രാം സ്വർണം അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 3ഡി ജിയോളജിക്കൽ മോഡലിംഗ് പോലുളള പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് സ്വർണമേഖലയിൽ ഖനനം നടത്തുന്നതെന്ന് സംഘത്തിന്റെ തലവൻ ലിയു യോംഗ്ജൻ പറഞ്ഞു.