ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചു ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സർവമതസമ്മേളനത്തിന് ഇന്ന് തുടക്കമാകും. മത സൗഹാർദം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം. കർദ്ദിനാൾ മിഖായേൽ ആംഗൽ അയുസോ ക്വിസോട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ദൈവദശകത്തിന്റെ ഇറ്റാലിയൻ ഭാഷയിലെ ആലാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. നാളെ ഫ്രാൻസിസ് മാർപാപ്പ ആശീർവാദ പ്രഭാഷണം നിർവഹിക്കും. വത്തിക്കാനിലെ വിവിധ മതപ്രതിനിധികൾ സംബന്ധിക്കും. 15 രാജ്യങ്ങളിൽനിന്നു വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഒന്നിന് ചേരുന്ന ലോക മതപാർലമെന്റിൽ ഇറ്റലിയിലെ ജനപ്രതിനിധികൾ പങ്കെടുക്കും. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചുമതലകൾ നിർവഹിക്കുന്നത്. വത്തിക്കാൻ സമ്മേളനത്തിന്റെ തുടർച്ചയായി ബ്രിട്ടൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും, ഇന്ത്യയിൽ ഡൽഹി, ചെന്നൈ നഗരങ്ങളിലും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ സർവമത സമ്മേളനങ്ങൾ സംഘടിപ്പിക്കുവാൻ നിശ്ചയിച്ചിട്ടുണ്ട്.
ലോക സർവമത സമ്മേളനം ഇന്നു മുതൽ വത്തിക്കാനിൽ.
32