ഉപതിരഞ്ഞെടപ്പു നടക്കുന്ന വയനാട്ടിലും ചേലക്കരയിലും കലാശക്കൊട്ട് കഴിഞ്ഞതോടെ മുന്നണികൾ ശുഭപ്രതീക്ഷയിൽ. നവംബര്‍ 13 നാണ് വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ്. നവംബര്‍ 23 നാണ് വോട്ടെണ്ണല്‍. വികസനവും ക്ഷേമവും രാഷ്ട്രീയവും ചർച്ചയായ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടർമാരുടെ മനസ് ആർക്കൊപ്പമെന്ന് വ്യക്തമാകാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.
വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി റോഡ്ഷോയില്‍ പങ്കെടുത്തു. വൈകീട്ട് തിരുമ്പാടിയിലും ഇരുവരുടെയും റോഡ് ഷോ നടത്തി. പ്രിയങ്കയുടെ ചിത്രം പതിച്ച തൊപ്പിയുമണിഞ്ഞ് ജനസാഗരമാണ് എത്തിയത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. പ്രചാരണം തുടരുന്ന എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മൊകേരി വൈകിട്ട് കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിലാണ് പങ്കെടുത്തത്. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും ക്രെയിനിൽ കയറിയാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.
ചേലക്കര മണ്ഡലത്തിന്‍റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് പരിസമാപ്തിയാകുന്നത്. രമ്യ ഹരിദാസിനൊപ്പം പാലക്കാട്ടെ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ കൊട്ടിക്കലാശത്തിൽ എത്തിയത് പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. ചാണ്ടി ഉമ്മനും വി കെ ശ്രീകണ്ഠനും കൊട്ടിക്കലാശത്തില്‍ രമ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇടതുസ്ഥാനാർത്ഥി യുആര്‍ പ്രദീപിനെ ഉടനീളം അനുഗമിച്ച് കെ രാധാകൃഷ്ണന്‍ എംപിയും സജീവ സാന്നിധ്യമായി. റോഡ് ഷോയും ഗൃഹസന്ദര്‍ശനവുമൊക്കെയായി സജീവമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും തികഞ്ഞ വിജയ പ്രതീക്ഷയാണ് പങ്കുവെച്ചത്. ബിജെപിയും പ്രചാരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പം പിടിച്ചു. തൃശൂരിലെ ജയത്തിന്റെ ആവേശം ചേലക്കരയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎയും, സ്ഥാനാർഥി സ്ഥാനാർഥി കെ.ബാലകൃഷ്ണനും. മണ്ഡലത്തിലെ മത്സരം കടുപ്പമാണെന്നാണ് ജനങ്ങളുടെ പ്രതികരണം.