മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്‍റെ ഡ്രോൺ ആക്രമണം. 2022-ൽ ഇരു രാജ്യങ്ങളും യുദ്ധം തുടങ്ങിയ ശേഷം റഷ്യയ്ക്ക് എതിരെ നടക്കുന്ന ഏറ്റവും വിപുലമായ ഡ്രോണ്‍ ആക്രമണമാണ് ഞായറാഴ്ച ഉണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോസ്‌കോ നഗരത്തിന് മുകളിലെത്തിയ 34 ഡ്രോണുകള്‍ റഷ്യന്‍ സൈന്യം വെടിവച്ചിട്ടെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപതില്‍ അധികം ഡ്രോണുകളാണ് വെടിവച്ചിട്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഡൊമോഡെഡോവോ, ഷെറെമെറ്റിയേവോ, സുക്കോവ്‌സ്‌കി എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള 36 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. പിന്നീട് വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിച്ചതായി റഷ്യയുടെ ഫെഡറൽ എയർ ട്രാൻസ്‌പോർട്ട് ഏജൻസി അറിയിച്ചു. ഡ്രോണുകൾ ഉപയോഗിച്ചുള്ള തുടരാക്രമണ ശ്രമത്തെ പ്രതിരോധിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
റഷ്യയും യുക്രെയ്‌നും ഡ്രോണുകള്‍ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കുന്നു. കഴിഞ്ഞ ദിവസം യുക്രെയിനിന്റെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ ഒറ്റരാത്രികൊണ്ട് 145 ഡ്രോണുകള്‍ വിക്ഷേപിച്ചതായി യുക്രെയിന്‍ ആരോപിച്ചിരുന്നു. ഇതില്‍ 62 എണ്ണം വെടിവെച്ചിടാന്‍ കഴിഞ്ഞെന്നും യുക്രെയ്ന്‍ അവകാശപ്പെട്ടിരുന്നു. ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധമുഖത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. റഷ്യയും യുക്രെയ്നും തങ്ങളുടെ ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്നും ഇരു വശത്തും മരണങ്ങൾ ഉണ്ടാകുന്നു എന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബറിൽ റഷ്യൻ പക്ഷത്ത് 1500 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണു ബി ബി സി റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു. യുക്രെയ്‌നിൽ കൂടുതൽ ഇടങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് അഭ്യർത്ഥിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇരു നേതാക്കളും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കിയുമായും ട്രംപ് ഫോൺ സംഭാഷണം നടത്തിയിരുന്നു. 25 മിനിറ്റോളം സമയം ഇരുവരും സംസാരിച്ചതായും, ഇലോൺ മസ്‌കും ഈ സംഭാഷണത്തിൽ ഇവർക്കൊപ്പം ചേർന്നതായും റിപ്പോർട്ടുകൾ പറയുന്നു.