കേരളത്തിന്റെ വികസനചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ലോകത്തെ ഏറ്റവും വലിപ്പമുള്ള മദര്‍ ഷിപ്പുകള്‍ അഥവ മാതൃ യാനങ്ങള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യമുള്ള ഇന്ത്യയിലെ ഏക ട്രാന്‍സ്ഷിപ്പ്‌മെന്‍റ് തുറമുഖമായി അന്താരാഷ്ട്ര മാരിടൈം ഭൂപടത്തിലിടം നേടിയ വിഴിഞ്ഞം, ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്‌തമാണ്. അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പൽ പാതയുടെ സാമീപ്യം, തീരത്തുനിന്നും ഒരു നോട്ടിക്കൽ മൈൽ അകലം വരെ 24 മീറ്റർ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം നിർദ്ദിഷ്ട തുറമുഖത്തിന്റെ സവിശേഷതകളാണ്.
പ്രതിവര്‍ഷം 10 ലക്ഷം ടി ഇ യു (TEU – ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ് – 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്) കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തുറമുഖമായി പണി പൂർത്തിയാകുന്നതോടുകൂടി വിഴിഞ്ഞം തുറമുഖം മാറും. പ്രതിവര്‍ഷം ഇത്രയും ചരക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന തുറമുഖം ഇന്ത്യയില്‍ മറ്റെവിടെയുമില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനടുത്തുള്ള കൊളംബോ, സിങ്കപ്പൂർ തുറമുഖങ്ങളോട് മത്സരിക്കാനുള്ള ശേഷി കൈവരിക്കാൻ കഴിയുന്ന തരത്തിൽ 2030-ഓടെ വിഴിഞ്ഞം സജ്ജമാകും.
ഏറെക്കാലമായി സ്വപ്നം കാണുന്ന പദ്ധതിയാണ് വിഴിഞ്ഞത്ത് സഫലമാകുന്നത്. 1905-ൽ തിരുവിതാംകൂർ രാജാവായിരുന്ന മൂലം തിരുനാൾ രാമവർമ്മ വിഴിഞ്ഞത്ത് തുറമുഖം നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ല. 1945-ൽ സർ സി പിയും പദ്ധതി തയ്യാറാക്കിയിരുന്നു. 1991-ലെ കരുണാകരൻ സർക്കാരും ശ്രമം നടത്തി അന്നത്തെ തുറമുഖമന്ത്രി എം വി രാഘവനായിരുന്നു ചുക്കാൻ പിടിച്ചത്. എ കെ ആന്റണി സർക്കാർ 1995-ൽ കുമാർ എനർജി കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇ കെ നായനാർ സർക്കാരും പദ്ധതി തയ്യാറാക്കി 1999-ൽ കരാർ ഒപ്പിട്ടിരുന്നു. 2005-ൽ പൊതു, സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ടെൻഡർ വിളിച്ചത് പ്രകാരമെത്തിയ കമ്പനിക്ക് സുരക്ഷാ അനുമതി നിഷേധിക്കപ്പെട്ടു. പാരിസ്ഥിതിക അനുമതി ലഭിച്ചശേഷം ടെൻഡർ നടപടികളുമായി ഉമ്മൻചാണ്ടി സർക്കാർ മുന്നോട്ടു പോയതോടെ തുറമുഖ നിർമ്മാണത്തിന് ജീവൻ വച്ചു. ആഗസ്റ്റ് 2015-ൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനപ്രവർത്തനങ്ങൾക്കുവേണ്ടി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 40 വർഷത്തേക്കുള്ള കിഴിവ് കരാർ ഒപ്പിട്ടു.
നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ വിഴിഞ്ഞം പ്രധാന തുറമുഖമായിരുന്നെന്ന് ചരിത്ര രേഖകൾ പറയുന്നു. നിരവധി ചരിത്രകാരന്മാർ പലഘട്ടങ്ങളിലായി നടത്തിയ ഗവേഷണത്തിലും വിഴിഞ്ഞത്തിന്റെ തുറമുഖ ചരിത്രം വിവരിക്കുന്നുണ്ട്. റോം, മെസപ്പൊട്ടോമിയൻ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുള്ള കുറിപ്പുകളിൽ വിഴിഞ്ഞത്തെക്കുറിച്ച് പറയുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള കപ്പൽപ്പാതയും രേഖപ്പെടുത്തിയിരുന്നതായി ചരിത്ര രേഖകളിലുണ്ട്. ബലിത, ബ്ലിങ്ക തുടങ്ങിയ പേരുകളിലും വിഴിഞ്ഞം അറിയപ്പെട്ടിരുന്നു.
എ ഡി ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ട ‘പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിലും വിഴിഞ്ഞത്തെക്കുറിച്ച് പരാമർശമുണ്ട്. കുമരിക്കു (കന്യാകുമാരി) സമീപത്തെ ബലിതയെന്ന തീരദേശ ഗ്രാമമാണ് വിഴിഞ്ഞമെന്നും ആഴമേറിയ പ്രകൃതിദത്ത തുറമുഖമെന്നുമാണ് രേഖപ്പടുത്തിയിട്ടുള്ളത്. എ ഡി രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ നാവികർ ഉപയോഗിച്ചിരുന്ന ‘പ്യൂട്ടങ്കർ ടേബിൾ’ എന്ന ഭൂപടത്തിൽ വിഴിഞ്ഞത്തെ ബ്ലിങ്ക എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മൂന്നാം നൂറ്റാണ്ടിൽ ചൈന, ഇറാൻ, തുർക്കി, പേർഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നും വിഴിഞ്ഞത്തേക്ക് വ്യാപാര കപ്പലുകൾ എത്തിയതിന്റെ തെളിവുകളും കണ്ടെത്തിയിരുന്നു. ഒരുകാലത്തു ആയ് രാജാക്കന്മാരുടെ തുറമുഖ നഗരമായിരുന്നു വിഴിഞ്ഞം. 990 കാലഘട്ടത്തിൽ രാജരാജ ചോളന്മാരുടെ ആക്രമണത്തെ തുടർന്ന് രാജേന്ദ്രചോളപട്ടണം എന്ന് പേരിട്ടു. പിന്നിട് പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായി വിഴിഞ്ഞം. വിഴിഞ്ഞം തുറമുഖത്തിന്റെ ഉപനഗരമെന്ന നിലയിലാണ് തിരുവനന്തപുരത്തിന്റെ വികസനമെന്ന് കെ ശിവശങ്കരൻ നായരുടെ ‘അനന്തപുരി നൂറ്റാണ്ടുകളിലൂടെ’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ് വിഴിഞ്ഞം. പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ കോവളത്തിനടുത്താണ് വിഴിഞ്ഞം. ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഇത്. ഡച്ചുകാരാണ് ഇവിടെ ആദ്യമായി പാണ്ടികശാല കെട്ടിയത്. നെയ്യാറ്റിൻകര താലുക്കിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. സർ സി.പി.രാമസ്വാമി അയ്യർ , ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കണ്ടുപിടിച്ചതാണു് വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ. എന്നാൽ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച് 65 വർഷം കഴിഞ്ഞിട്ടും വിഴിഞ്ഞം തുറമുഖം എന്ന വജ്രഖനി യാഥാർത്ഥ്യമാക്കാൻ കാലാകാലങ്ങളിൽ ഭരണത്തിൽ ഇരുന്നവർക്കു സാധിച്ചില്ല എന്നുള്ളതാണ് യാഥാർഥ്യം. ഒടുവിൽ 2024 ജൂലൈ മാസത്തിൽ ആദ്യത്തെ മദർഷിപ്പ് എത്തിച്ചേർന്നതോടെ വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിച്ചു. ട്രയൽ റൺ ആരംഭിച്ചത് മുതൽ ഒന്നിന് പിന്നാലെ ഒന്നായി ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ കേരളത്തിന്റെ തീരത്തെത്തികൊണ്ടിരിക്കുന്നു. ഇതോടെ കേരളത്തിന്റെ വികസനചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.