യുക്രെയ്നിനെതിരെ പോരാടാൻ ഉത്തര കൊറിയ റഷ്യയിലേക്കു സൈന്യത്തെ അയച്ചതിനു തെളിവു ലഭിച്ചെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ‘ഉത്തര കൊറിയയും റഷ്യയും യുദ്ധ പങ്കാളികളായാൽ, റഷ്യക്കൊപ്പം പോരാടാൻ ഉത്തര കൊറിയ തീരുമാനിച്ചാൽ അത് വളരെയേറെ ഗുരുതരമായ സ്ഥിതിയാണ് എന്നും ഓസ്റ്റിൻ അഭിപ്രായപ്പെട്ടു. റഷ്യൻ സൈന്യത്തിലേക്ക് ഉത്തരകൊറിയ ആയുധങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന ആരോപണം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയരുന്നുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് റഷ്യൻ സൈന്യത്തിൽ ഉത്തരകൊറിയയുടെ സൈനികരെ വിന്യസിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ ആദ്യ ആഴ്ച മുതൽ പകുതി വരെ 3000 സൈനികരെങ്കിലും റഷ്യയിലെത്തിയിട്ടുണ്ടെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പറഞ്ഞു.
യുക്രെയ്നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ റഷ്യയിലേക്ക് സൈനികരെ അയച്ചുവെന്ന വിവരം ദക്ഷിണ കൊറിയയാണ് ആദ്യം പുറത്തുവിട്ടത്. പിന്നാലെ അമേരിക്കയും ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. 1500-ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ടെന്നും, ആകെ 12,000-ത്തോളം സൈനികരെ റഷ്യയിലേക്ക് അയയ്‌ക്കാനാണ് ഉത്തരകൊറിയ തീരുമാനിച്ചിരിക്കുന്നത് എന്നുമാണ് ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ റഷ്യ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ തയ്യാറായിട്ടില്ല.
നിലവിലെ യുദ്ധം ആരംഭിച്ചത് 2022 ഫെബ്രുവരി 24-നാണ്. മുൻപ് സോവിറ്റ് യൂണിയനിലെ അംഗങ്ങളായിരുന്നു റഷ്യയും യുക്രെയ്നും. 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നതിനു പിന്നാലെ സ്വതന്ത്ര രാജ്യങ്ങളായി നിലകൊള്ളുകയായിരുന്നു. 2013-ഓടുകൂടി പാശ്ചാത്യ യൂറോപ്പുമായി കൈകോർക്കാൻ യുക്രെയ്ന്റെ പാർലമെന്റിൽ അഭിപ്രായമുണ്ടായി. എന്നാൽ അന്നത്തെ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനും മന്ത്രിസഭയ്ക്കും റഷ്യയുമായി അടുത്ത ബന്ധം തുടരാനായിരുന്നു താല്പര്യം. പിന്നാലെ രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. 2014 ജനുവരിയിലും ഫെബ്രുവരിയിലും വൻതോതിൽ അക്രമങ്ങളും ഉണ്ടായി. ഇതേത്തുടർന്ന് റഷ്യൻ അനുകൂല പ്രസിഡന്റായിരുന്ന യാനുകോവിച്ചിന് സ്ഥാനം നഷ്ടമാകുകയായിരുന്നു. പിന്നീട് സ്ഥാപിച്ച ഇടക്കാല സർക്കാരിന് പാശ്ചാത്യ യൂറോപ്പുമായി ബന്ധം സ്ഥാപിക്കാനായിരുന്നു താൽപര്യം. ഇതിനു പിന്നാലെ റഷ്യ ആക്രമണം നടത്തി ക്രൈമിയയെ അടർത്തിയെടുത്തു. റഷ്യയുടെ വർധിച്ചുവരുന്ന ഭീഷണിയെത്തുടർന്ന് പാശ്ചാത്യ സൈനിക ശക്തിയായ നാറ്റോയിൽ ചേരാൻ യുക്രെയ്ൻ താൽപര്യപ്പെട്ടു. ഇതേത്തുടർന്ന് 2022 ഫെബ്രുവരി 24-ന് റഷ്യ യുദ്ധം ആരംഭിക്കുകയായിരുന്നു. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ പുറത്താക്കി തങ്ങള്‍ക്കനുകൂലമായ ഒരു ഭരണകൂടത്തെ പ്രതിഷ്ഠിക്കാനും അതുവഴി യുക്രൈനെ പൂര്‍ണമായും തങ്ങളുടെ വരുതിയിലാക്കാനുമായിരുന്നു കീവ് ലക്ഷ്യമാക്കി മുന്നേറിയ റഷ്യന്‍ സൈന്യത്തിന്റെ ആത്യന്തികലക്ഷ്യം. എന്നാല്‍, യുക്രൈന്‍ സൈന്യവും അവരോടൊപ്പം ചേര്‍ന്ന് ജനങ്ങളും നടത്തിയ അതിശക്തമായ പ്രതിരോധത്തില്‍, ശക്തരെന്ന് പൊതുവേ കരുതപ്പെട്ടിരുന്ന റഷ്യന്‍ സൈന്യം പകച്ചുപോകുന്നതാണ് പിന്നീട് കണ്ടത്. എപ്പോള്‍ അവസാനിക്കുമെന്നോ ഇതിന്റെയൊക്കെ ഫലം എന്താവുമെന്നോ ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്തരീതിയില്‍ സങ്കീര്‍ണമായിരിക്കുകയാണ് റഷ്യ-യുക്രൈന്‍ യുദ്ധരംഗം. ആദ്യമൊക്കെ മടിച്ചുനിന്ന പാശ്ചാത്യശക്തികള്‍ പിന്നീട് യുക്രൈന്‍ ജനതയുടെ ധീരമായ ചെറുത്തുനില്പിന് ശക്തമായ പിന്തുണ നല്കിയതോടുകൂടി യുദ്ധത്തിന്റെ ഗതിമാറുകയും റഷ്യന്‍സൈന്യത്തിന് വലിയ തിരിച്ചടികള്‍ നേരിടുകയും പെട്ടെന്ന് അവസാനിക്കുമെന്ന് പൊതുവേ കരുതപ്പെട്ടിരുന്ന യുദ്ധം അനിശ്ചിതമായി നീളുകയുമാണുണ്ടായത്.