Monday, December 23, 2024
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home Pravasi മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തിഡ്രല്‍ ദേവാലയത്തിന്റെ കൂദാശ നവംബര്‍ 23-ന്
Melbourne Syro Malabar Cathedral Consecration November 23rd, 2024

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തിഡ്രല്‍ ദേവാലയത്തിന്റെ കൂദാശ നവംബര്‍ 23-ന്

by Editor
Mind Solutions

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂദാശ കര്‍മം സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് നവംബര്‍ 23-ന് (ശനിയാഴ്ച) നിര്‍വഹിക്കും. മെല്‍ബണ്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് ജോണ്‍ പനംതോട്ടത്തില്‍, മെല്‍ബണ്‍ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂര്‍, ഉജ്ജയിന്‍ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍, യുകെ പ്രസ്റ്റണ്‍ രൂപത ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍, പാലക്കാട് രൂപത മുന്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, മെല്‍ബണിലെ ഉക്രേനിയന്‍ രൂപത ബിഷപ്പും നിയുക്ത കര്‍ദ്ദിനാളുമായ ബിഷപ്പ് മൈക്കോള ബൈചോക്ക്, മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കമെന്‍സോളി, ബ്രിസ്ബെന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോള്‍റിഡ്ജ്, കാന്‍ബെറ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റഫര്‍ പ്രൗസ്, ടുവൂംബ രൂപത ബിഷപ്പ് കെന്‍ ഹൊവല്‍, ഓസ്ട്രേലിയന്‍ കാല്‍ദീയന്‍ രൂപത ബിഷപ്പ് അമേല്‍ ഷാമോന്‍ നോണ, ഓസ്ട്രേലിയന്‍ മാറോനൈറ്റ് രൂപത ബിഷപ്പ് ആന്‍റൊയിന്‍ ചാര്‍ബെല്‍ റ്റരാബെ, ഓസ്ട്രേലിയന്‍ മെല്‍ക്കൈറ്റ് രൂപത ബിഷപ് റോബര്‍ട്ട് റബാറ്റ്, ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിലെ മെത്രാന്മാര്‍, മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാദര്‍ സിജീഷ് പുല്ലന്‍കുന്നേല്‍, മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്യുന്ന വൈദികര്‍, ഓസ്ട്രേലിയയില്‍ മറ്റു രൂപതകളില്‍ സേവനം ചെയ്യുന്ന മലയാളി വൈദികര്‍, ഫെഡറല്‍-സ്റ്റേറ്റ് മന്ത്രിമാര്‍, എംപിമാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മെല്‍ബണ്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍, ഹ്യൂം സിറ്റി- വിറ്റല്‍സീ സിറ്റി കൗണ്‍സിലിലെ കൗണ്‍സിലേഴ്സ് എന്നിവര്‍ സന്നിഹിതരായിരിക്കും.

നവംബര്‍ 23-ന് രാവിലെ 9 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. 9.30-ന് കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂദാശയും തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും.

സ്വന്തമായ ഒരു ദേവാലയം എന്ന കത്തീഡ്രല്‍ ഇടവാകാംഗങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയം കൂദാശക്കായി ഒരുങ്ങുന്നത്. 2013 ഡിസംബര്‍ 23 -നാണ് മെല്‍ബണ്‍ ആസ്ഥാനമായും മെല്‍ബണ്‍ നോര്‍ത്ത് ഇടവക രൂപതയുടെ കത്തീഡ്രലായും പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ, ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സിറോ മലബാര്‍ രൂപതയായി, മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപത പ്രഖ്യാപിച്ചത്. രൂപതാസ്ഥാപനത്തിന്റെ 10-ാം വാര്‍ഷികവേളയിലാണ് മെല്‍ബണ്‍ സിറോ മലബാര്‍ രൂപത കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഇടവകസമൂഹങ്ങളുടെയും സ്വപ്നമായിരുന്ന കത്തീഡ്രല്‍ ദേവാലയം പൂര്‍ത്തീകരിക്കപ്പെടുന്നത്. 550 ഓളം കുടുംബങ്ങളുള്ള കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ കഴിഞ്ഞ 15 വര്‍ഷങ്ങളായുള്ള പ്രാര്‍ഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയം.

2020 ജൂലൈ 3-ാം തീയതിയാണ് മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ പ്രഥമ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബോസ്കോ പുത്തൂര്‍ പിതാവ് കത്തീഡ്രല്‍ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. മെല്‍ബണ്‍ സിറ്റിയില്‍ നിന്നും മെല്‍ബണ്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും അധികം ദൂരത്തിലല്ലാതെ, എപ്പിങ്ങില്‍ ഹ്യൂം ഫ്രീവേക്ക് സമീപത്ത് 53 മക്കെല്ലാര്‍ വേയില്‍, കത്തീഡ്രല്‍ ഇടവക സ്വന്തമാക്കിയ 3 ഏക്കറോളം വരുന്ന സ്ഥലത്താണ് കത്തീഡ്രല്‍ ദേവാലയം പണി പൂര്‍ത്തിയായിരിക്കുന്നത്. 1711 സ്ക്വയര്‍ മീറ്ററില്‍ പൗരസ്ത്യപാരമ്പര്യ തനിമയോടെ അതിമനോഹരമായാണ് കത്തീഡ്രല്‍ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. ബാല്‍ക്കണിയിലും കൈകുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്കുള്ള മുറിയിലും ഉള്‍പ്പെടെ 1000 ത്തോളം പേര്‍ക്ക് ഒരേസമയം തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യം കത്തീഡ്രലില്‍ ഉണ്ടായിരിക്കും. പള്ളിയുടെ ഭാഗമായി തന്നെ നൂറോളം പേര്‍ക്കിരിക്കാവുന്ന ഒരു ചാപ്പലും 150 ഓളം കാര്‍പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസപരിശീലനത്തിനു വേണ്ടിയുള്ള ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ദേവാലയത്തോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്. 500 ഓളം പേര്‍ക്കിരിക്കാവുന്ന സ്റ്റേജും ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയുമുള്ള പാരീഷ് ഹാള്‍, നിര്‍മ്മാണം പൂര്‍ത്തിയാക്കി 2022 നവംബറില്‍ വെഞ്ചിരിച്ചിരുന്നു. ഓസ്ട്രേലിയയിലെ പ്രമുഖ കണ്‍സ്ട്രെക്ഷന്‍ ഗ്രൂപ്പായ ലുമെയിന്‍ ബില്‍ഡേഴ്സിനാണ് കത്തീഡ്രലിന്റെ നിര്‍മാണ ചുമതല നല്കിയിരുന്നത്.

മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍, വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാദര്‍ സിജീഷ് പുല്ലന്‍കുന്നേല്‍, കത്തീഡ്രല്‍ ഇടവക വികാരി ഫാദര്‍ വര്‍ഗീസ് വാവോലില്‍, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ, ജനറല്‍ കണ്‍വീനര്‍ ഷിജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കത്തീഡ്രലിന്റെ കൂദാശകര്‍മ്മം ഏറ്റവും മനോഹരമായും ഭക്തിനിര്‍ഭരമായും നടത്തുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദേവാലയം എന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും സാമ്പത്തികമായി സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നതോടൊപ്പം ആത്മീയ ചൈതന്യം തുളുമ്പുന്ന കത്തീഡ്രല്‍ ദേവാലയ കൂദാശകര്‍മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായും മെല്‍ബണ്‍ രൂപത ബിഷപ്പ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍, കത്തീഡ്രല്‍ വികാരി വര്‍ഗീസ് വാവോലില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!