ന്യുയോർക്ക്: ലോകത്തെ ഏറ്റവും ധനികരായ ഗായികമാരുടെ പട്ടികയുടെ തലപ്പത്ത് ഇനി ടെയ്‌ലർ സ്വിഫ്റ്റ്. ഇതുവരെ ഒന്നാമതായിരുന്ന റിഹാനയെ പിന്തള്ളിക്കൊണ്ടാണ് ടെയ്‌ലർ സ്വിഫ്റ്റ് സ്വപ്ന നേട്ടത്തിലെത്തിയത്. ഫോബ്‌സ് മാസിക ഏറ്റവും ഒടുവിലായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ടെയ്‌ലറിന്‍റെ കുതിച്ചുചാട്ടം. ടെയ്‌ലറിന് 1.6 ബില്യൻ ഡോളർ ആസ്തിയുണ്ടെന്നാണ് ഫോബ്‌സ് മാഗസിന്റെ ശതകോടീശ്വരന്മാരുടെ ഔദ്യോഗിക കണക്ക് പറയുന്നത്. പാട്ടുകളുടെയും സ്റ്റേജ് ഷോകളുടെയും മൂല്യം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണിത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് ആസ്തിയിൽ വമ്പൻ കുതിപ്പ് നടത്തിയാണ് ടെയ്‌ലർ, റിഹാനയെ പിന്തള്ളി ഒന്നാം സ്ഥാനമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഒറ്റ വർഷത്തിൽ 500 മില്യൺ ഡോളറിന്റെ വർധനവാണ് ടെയ്‌ലറിന് ഉണ്ടായിരിക്കുന്നതെന്നാണ് ഫോബ്സ് മാഗസീൻ പറയുന്നത്.
ടെയ്‌ലറിന്‍റെ പാട്ടിന് ഇപ്പോൾ കോടികളുടെ മൂല്യമാണ്. ഈ വർഷം മാർച്ചിൽ അനന്ത് അംബാനി – രാധിക മെർച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാനായി ഇന്ത്യയിൽ എത്തിയ റിഹാന പ്രതിഫലമായി വാങ്ങിയത് 74 കോടി രൂപയായിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.