റായ്പൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിൽ 8 മാവോയിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു. ഗംഗ്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ മാവോയിസ്റ്റുകളുണ്ടെന്ന സംശയത്തെ തുടർന്ന് തെരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ 8.30 ഓടെയാണ് വനമേഖലയിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച ബിജാപൂർ ജില്ലയിലെ ഭട്ടിഗുഡയിലെ നിബിഡ വനങ്ങളിലെ ഒരു ഭീകര പരിശീലന ക്യാമ്പിന്റെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തിരുന്നു. പ്രദേശത്ത് രണ്ടാഴ്ച മുൻപ് നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. കഴിഞ്ഞ വർഷം ഛത്തീസ്ഗഡിലെ സുരക്ഷാ സേന 219 നക്സലൈറ്റുകളെ ഇത്തരം ഓപ്പറേഷനുകളിൽ വധിച്ചിരുന്നു.