14-ാമത്തെ കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ച് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ പങ്കാളി. മസ്‌കിന്റെ ജീവിതപങ്കാളിയും ന്യൂറാലിങ്കിലെ എക്‌സിക്യൂട്ടീവുമായ ഷിവോണ്‍ സിലിസാണ് കുട്ടിക്ക് ജന്മം നൽകിയത്. മസ്‌കും ഇക്കാര്യം എക്സിലൂടെ സ്ഥിരീകരിച്ചു. സെൽഡൻ ലൈക്കർഗസ്സ് എന്നാണ് കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. മസ്‌കിനു ഷിവോൺ സിലിസുമായുള്ള ബന്ധത്തിൽ സെൽഡനെ കൂടാതെ മൂന്ന് കുട്ടികൾ കൂടിയുണ്ട്. 2021-ല്‍ മസ്‌കിന് ഷിവോണുമായുള്ള ബന്ധത്തില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. 2024-ല്‍ അര്‍ക്കേഡിയ എന്ന മൂന്നാമത്തെ കുട്ടിക്ക് ഷിവോണ്‍ ജന്മം നല്‍കി. അര്‍ക്കേഡിയയുടെ പിറന്നാള്‍ ദിവസമാണ് നാലാമത്തെ കുഞ്ഞുണ്ടായ സന്തോഷം എക്‌സില്‍ ഷിവോണ്‍ പങ്കുവെച്ചത്.
മസ്‌കിന് മൂന്ന് പങ്കാളികളിലായി 12 മക്കളുണ്ട്. ആദ്യ ഭാര്യയായ ജസ്റ്റിൻ വിൽസണിൽ ആറ് കുട്ടികളും കനേഡിയൻ ഗായികയായ ഗ്രിംസിൽ മൂന്ന് കുട്ടികളുണ്ട്. ജസ്റ്റിൻ വിൽസണിൽ ജനിച്ച ആദ്യ കുട്ടി മരിച്ചിരുന്നു. അടുത്തിടെ തന്റെ കുട്ടികൾക്കും അവരുടെ അമ്മമാർക്കുമായി ടെക്‌സസിൽ 295 കോടി രൂപ വിലവരുന്ന ആഡംബര ബംഗ്ലാവ് മസ്‌ക് വാങ്ങിയിരുന്നു.