ഇസ്ലാമബാദ്: സിന്ധു നദീജല കരാർ ലംഘിച്ചാൽ ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് ഇറങ്ങുമെന്ന കടുത്ത ഭീഷണിയുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിന്ധു നദീജല വ്യവസ്ഥയിലെ ഇന്ത്യയുടെ നീക്കങ്ങൾ മൂലം രാജ്യത്തിന്റെ ജലസുരക്ഷയും ദേശീയ സുരക്ഷയും അപകടത്തിലാണെന്ന് ബോധ്യപ്പെടുന്ന നിമിഷം ഇന്ത്യക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഒരു പ്രമുഖ പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഇന്ത്യക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. ചെനാബ് നദിയിലെ ജലമൊഴുക്കിൽ മാറ്റം വരുത്തിയും ഹൈഡ്രോളജിക്കൽ വിവരങ്ങൾ നൽകാതെയും ഇന്ത്യ ‘വെള്ളത്തെ ആയുധമാക്കുകയാണെന്ന്’ അദ്ദേഹം ആരോപിച്ചു. ജലവിതരണം തടസ്സപ്പെടുത്താൻ ഇന്ത്യ അപകടകരമായ വേഗതയിൽ നീങ്ങുകയാണെന്ന് തെളിവ് ലഭിച്ചാൽ യുദ്ധം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ ഇപ്പോൾ കടുത്ത ആഭ്യന്തര പ്രതിസന്ധിയും രൂക്ഷമായ ജലക്ഷാമവും നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ജലസുരക്ഷയെ ദേശീയ സുരക്ഷയുമായി ബന്ധിപ്പിച്ച് മന്ത്രിയുടെ ഭീഷണി.
2028 ജൂണോടെ പാക്കിസ്ഥാനിലേക്കുള്ള സിന്ധു നദിയുടെ ഒഴുക്ക് പൂർണ്ണമായും തടയാനാകുമെന്ന് ഇന്ത്യയുടെ ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ സൂചിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ഖ്വാജ ആസിഫിൻ്റെ പ്രതികരണം. ഇന്ത്യ ജലലഭ്യത തടസ്സപ്പെടുത്തിയാൽ യുദ്ധം ചെയ്യുമെന്നാണ് അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ, 1960-ലെ സിന്ധു നദീജല കരാർ നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. പാക്കിസ്ഥാൻ ഭീകരവാദത്തിനുള്ള സഹായങ്ങൾ പൂർണ്ണമായി നിർത്താതെ കരാറുമായി മുന്നോട്ട് പോകില്ലെന്നാണ് ഇന്ത്യയുടെ നയം.
പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഇന്ത്യക്കെതിരെ വിരൽ ചൂണ്ടുമ്പോഴും ആ രാജ്യം നേരിടുന്ന കടുത്ത ജല പ്രതിസന്ധിയുടെ യഥാർത്ഥ കണക്കുകൾ പുറത്ത് വന്നിട്ടുണ്ട്. നിലവിൽ പാക് ജന സംഖ്യയുടെ മൂന്നിലൊന്നും കടുത്ത വരൾച്ചയിലാണ്. പ്രധാന കൃഷി മേഖലകളായ സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ വൻ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്യുന്നത്. സിന്ധ് ജലസേചന വകുപ്പിൻ്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം നോർത്ത് വെസ്റ്റ് കനാലിൽ 64.1 ശതമാനം ജലക്ഷാമവും ദാദു കനാലിൽ 82 ശതമാനം, റൈസ് കനാലിൽ 38 ശതമാനവുമാണ് ജല സ്രോതസുകളിലെ കുറവ്.
ഈ വൻ ജലക്ഷാമത്തിന് കാരണം ഇന്ത്യയല്ല. മറിച്ച് മേൽത്തട്ടിലുള്ള പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ കനാലുകളിൽ നിന്ന് നിയമ വിരുദ്ധമായി വെള്ളം ചോർത്തുന്നതാണെന്ന് സിന്ധ് പ്രവിശ്യയിലെ പ്രാദേശിക നേതാക്കൾ പരസ്യമായി ആരോപിക്കുന്നു. പ്രവിശ്യകൾ തമ്മിലുള്ള ഈ ആഭ്യന്തര തർക്കം മൂലം രാജ്യത്ത് ഒരു സാമ്പത്തിക കൂട്ടക്കൊല ഉണ്ടായേക്കാമെന്ന് പ്രാദേശിക ഭരണകൂടങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ ആഭ്യന്തര കലഹത്തിൽ നിന്നും ജനങ്ങളുടെ പ്രതിഷേധത്തിൽ നിന്നും രക്ഷപ്പെടാനാണ് പാക് ഭരണകൂടം അതിർത്തിയിലെ യുദ്ധ ഭീതി കൃത്രിമമായി സൃഷ്ടിക്കുന്നതെന്നാണ് വിലയിരുത്തൽ.
ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960-ൽ ഒപ്പുവെച്ച സിന്ധു നദീജല കരാർ പ്രകാരം സിന്ധു നദീതടത്തിലെ 80 ശതമാനത്തോളം വെള്ളം പാക്കിസ്ഥാനാണ് ലഭിക്കുന്നത്. പാക്കിസ്ഥാന്റെ കാർഷിക ആവശ്യങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഈ നദീജലം അത്യന്താപേക്ഷിതമാണ്. ഇന്ത്യ കരാർ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ച് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ കഴിഞ്ഞയാഴ്ച്ച ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ ഇടപെടൽ തേടിയിരുന്നു. ചെനാബ് നദിയിൽനിന്ന് വെള്ളം തിരിച്ചുവിടാൻ ഇന്ത്യ നദി സംയോജന പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് ഈ മാസം ആദ്യം അവർ ആരോപിച്ചു. ഇത് സിന്ധു നദീജല കരാറിൻ്റെയും മറ്റ് അന്താരാഷ്ട്ര ബാധ്യതകളുടെയും ലംഘനമാണെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നു.

