ഗ്ലാസ്‌ഗോ: 2026 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് സമാപനമായതോടെ ഇനി കായികലോകത്തിന്റെ കണ്ണുകൾ ഇന്ത്യയിലെ അഹമ്മദാബാദിലേക്ക് നീളുന്നു. 11 ദിവസത്തെ കടുത്ത മത്സരങ്ങൾക്കൊടുവിൽ സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ കൊടിയിറങ്ങിയപ്പോൾ, കോമൺവെൽത്ത് ഗെയിംസിന്റെ ശതാബ്ദി പതിപ്പായ (100th anniversary) 2030 ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഔദ്യോഗിക പതാകയും ബാറ്റണും ഇന്ത്യ ഏറ്റുവാങ്ങി. 1930-ൽ കാനഡയിലെ ഹാമിൽട്ടണിൽ ആരംഭിച്ച കോമൺവെൽത്ത് ഗെയിംസിന്റെ 100-ാം വാർഷികമാണ് 2030-ൽ അഹമ്മദാബാദ് ആഘോഷിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഗുജറാത്തിലെ അഹമ്മദാബാദ് കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്നത്.
ഞായറാഴ്ച നടന്ന വർണ്ണാഭമായ സമാപന ചടങ്ങിൽ ഒളിമ്പിക് താരം നീരജ് ചോപ്ര, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പ്രസിഡന്റ് പി.ടി. ഉഷ, ഗുജറാത്ത് കായിക മന്ത്രി ഹർഷ് സംഘവി എന്നിവരടങ്ങിയ ഇന്ത്യൻ പ്രതിനിധി സംഘമാണ് ഗെയിംസ് പതാക ഏറ്റുവാങ്ങിയത്. ഞായറാഴ്ച സമാപിച്ച ഗെയിംസിൽ 39 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാമതെത്തി. 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡൽനേട്ടം. 171 മെഡലുകളുമായി ഓസ്ട്രേലിയയാണ് മെഡൽപട്ടികയിൽ ഒന്നാമത്. ഇംഗ്ലണ്ട്(110) കാനഡ(62) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. സ്വർണ മെഡൽ ജേതാവായ ബോക്സർ ജാസ്മിൻ ലംബോറിയയാണ് സമാപനച്ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത്.
സംഗീതസാന്ദ്രവും വർണശബളവുമായിരുന്നു ഗ്ലാസ്ഗോയിലെ സമാപനച്ചടങ്ങ്. ഓസ്ട്രേലിയൻ ഗായിക ഡെൽറ്റ ഗുഡ്രെം, സ്കോട്ടിഷ് ഗായകൻ കാമി ബാൺസ്, സാൻഡി ടോം തുടങ്ങിയവർ ചടങ്ങിൻ്റെ ഭാഗമായി. ഇന്ത്യയിൽനിന്ന് ശങ്കർ മഹാദേവൻ, മാനുഷി ചില്ലാർ തുടങ്ങിയവരും സമാപനച്ചടങ്ങിന്റെ വേദിയിലെത്തി.

