തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി ബജറ്റ് പ്രഖ്യാപനം. നിലവിലുള്ള നികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സാമൂഹികക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലാതെ കോടതി ഫീസും വര്‍ധിപ്പിച്ച്, ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കൂട്ടി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 8% നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10% നികുതിയും ഈടാക്കും.
ബജറ്റിൽ കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസൽ ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവച്ചു. പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 2025-2026 സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. റോഡുകൾക്കും പാലങ്ങൾക്കുമായി 2025- 2026 സംസ്ഥാന ബജറ്റിൽ 3061 കോടി വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ് നിരക്ക് വര്‍ധിക്കും. കോണ്‍ട്രാക്ട് കാര്യേജ് നികുതിഘടന ഏകീകരിക്കാന്‍ സംസ്ഥാന ബജറ്റില്‍ തീരുമാനിച്ചതോടെയാണ് നിരക്കു വര്‍ധിക്കാനുള്ള സാഹചര്യമൊരുങ്ങുന്നത്. അതിനൊപ്പം 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി രൂപയാണ് ബജറ്റിൽ വിലയിരുത്തിയിരിക്കുന്നത്. ഹെൽത്ത് ടൂറിസം പദ്ധതിക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. കൊല്ലം നഗരത്തിൽ ഐടി പാർക്ക് കൊണ്ടു വരും. നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും.
സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണമില്ല, എന്നാൽ സർക്കാർ ജീവക്കാർക്കും, പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. 2025 ഏപ്രിലിൽ ഇത് നൽകും. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1,900 കോടിയും ഈ സാമ്പത്തിക വർഷം നൽകും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കും. സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാർ ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് 2 ശതമാനം പലിശയിളവ് നല്‍കും. ഇതിനായി 50 കോടി രൂപ വകയിരുത്തി. ശമ്പള പരിഷ്ക്കരണമില്ലാത്തതിനാൽ ജീവനക്കാർ പ്രതിഷേധത്തിലാണ്.
വിഴിഞ്ഞത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. തീരദേശപാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉള്‍നാടന്‍ ജലഗതാഗത്തിന് 500 കോടി രൂപയാണ് മാറ്റിവച്ചത്. ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാൻ 50 കോടി രൂപയും പ്രഖ്യാപിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി. നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി അനുവദിച്ചു.
ടൂറിസം മേഖലയ്ക്ക് 351.41 കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചത്. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. ടൂറിസം മേഖലയിൽ നിക്ഷേപിക്കുന്നവർക്കു കുറഞ്ഞ പലിശയിൽ വായ്പ നൽകുന്ന പദ്ധതി അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഹോട്ടൽ മേഖലയിൽ 5000 കോടിയുടെ നിക്ഷേപം വരാൻ ഉതകുന്ന തരത്തിൽ നടപടികൾ സ്വീകരിക്കുമെന്നും ബാലഗോപാൽ പറഞ്ഞു. നാടുകാണിയിൽ സഫാരി പാർക്ക് സ്ഥാപിക്കും. ഇതിനു 300 കോടി നിക്ഷേപം വേണ്ടി വരും. പ്രാഥമിക ചെലവുകൾക്കായി 2 കോടി രൂപ വകയിരുത്തി. നാടുകാണി സഫാരി പാർക്ക് പൊതു സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി രൂപയാണ് അനുവദിച്ചത്. കോഴിക്കോട് ടൈഗർ സഫാരി പാർക്കും പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും പൈതൃക പുരവസ്തു മ്യൂസിയങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ബജറ്റിൽ എകെജി മ്യൂസിയത്തിനായി 3.50 കോടി രൂപയും മാറ്റിവച്ചു.
കേരളത്തിൽ ആൾതാമസമില്ലാതെ കിടക്കുന്ന വീടുകളുടെ സാധ്യതകൾ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി ധനമന്ത്രി അവതരിപ്പിച്ചു. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും. ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപ വകയിരുത്തി.
തെറ്റായ വാർത്തകളും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബർ വിംഗ് ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിആർഡി, പൊലീസ്, നിയമവകുപ്പുകളെ സംയോജിപ്പിച്ച് കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി 2 കോടി രൂപ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
രണ്ടരമണിക്കൂറോളം നീണ്ടു നിന്ന ബജറ്റിൽ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഉൾപ്പെട്ടത്. സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരാണെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ തന്നെ കെ.എൻ ബാലഗോപാൽ പറഞ്ഞു. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും കേന്ദ്രസർക്കാർ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണുള്ളത്.