നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീട്ടിൽനിന്നു കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതി മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം ഷെഹ്സാദിന്റേതല്ലെന്ന് റിപ്പോർട്ട്. 19 വിരലടയാളങ്ങളാണ് പൊലീസിന് ആക്രമണം നടന്ന സെയ്ഫിന്റെ വീട്ടിൽ നിന്ന് ലഭിച്ചത്. മുംബൈ പൊലീസ് ഇവ ആരുടെതെന്ന് കണ്ടെത്താനായി സിഐഡിക്ക് (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ) അയച്ചിരുന്നു. ഇവയ്‌ക്കൊന്നും പ്രതിയുടേതുമായി സാമ്യമില്ലായിരുന്നു. വിരലയടയാളം ഷെരിഫുലിന്റേതല്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായി അധികൃതർ പറഞ്ഞു. പൊലീസ് കൂടുതൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്യാനായി അയച്ചിട്ടുണ്ട്.
അറസ്റ്റിലായ ബംഗ്ലദേശ് പൗരൻ മുഹമ്മദ് ഷെരിഫുൽ കേസിലെ യഥാർഥ പ്രതിയല്ലെന്ന് പിതാവ് രോഹുൽ അമീൻ നേരത്തെ പറഞ്ഞിരുന്നു. അതുകൂടാതെ നേരത്തെ സെയ്ഫ് പറഞ്ഞ കാര്യങ്ങളും ആശുപത്രി രേഖകകളും തമ്മിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. നടനെ ആശുപത്രിയിൽ എത്തിച്ച സമയവും, കൊണ്ടുവന്നത് ആര് എന്ന കാര്യങ്ങളിലായിരുന്നു പൊരുത്തക്കേട്. സെയ്ഫിന്റെ ഒപ്പം മകൻ എന്നായിരുന്നു ആദ്യം വന്ന വിവരങ്ങൾ. എന്നാൽ ആശുപത്രി രേഖകളിൽ അവ സുഹൃത്ത് എന്നാണ്. വസതിയിൽ നിന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത് ഒന്നേമുക്കാൽ മണിക്കൂർ വൈകിയാണെന്നതും ഏറെ സംശയമുളവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വിരലടയാളം സംബന്ധിച്ച റിപ്പോർട്ടു പുറത്തുവരുന്നത്. മുംബൈ പൊലീസിനെ കുഴയ്ക്കുന്ന റിപ്പോർട്ടിൽ തുടർനടപടികൾ എന്തായിരിക്കുമെന്നാണ് കണ്ടറിയേണ്ടത്.