പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി. സന്നിധാനത്തും പാണ്ടിത്താവളത്തും ഉൾപ്പെടെ വിരിവെച്ചും പർണശാല കെട്ടിയും കാത്തിരുന്ന ഭക്തർ പൊമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതിയും മകരനക്ഷത്രവും കൺകുളിർക്കെ കണ്ടു.
വൈകിട്ട് 5.30 നാണ് തിരുവാഭരണ പേടകങ്ങൾ വഹിച്ചുളള ഘോഷയാത്ര പമ്പയിൽ നിന്നും ശരംകുത്തിയിലെത്തിയത്. ചെണ്ടമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും കർപ്പൂരാഴിയുടെയും തീവെട്ടിവെളിച്ചത്തിന്റെയും അകമ്പടിയോടെ സന്നിധാനത്തേക്ക്. 6.30 ഓടെ പേടകങ്ങൾ ശരംകുത്തിയിൽ നിന്ന് ആനയിച്ച് സന്നിധാനത്ത് എത്തിച്ചു. ഘോഷയാത്ര വലിയ നടപ്പന്തലിൽ എത്തിയതോടെ മണിക്കൂറുകളായി കാത്തുനിന്ന ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് ശരണമന്ത്രങ്ങൾ ഉയർന്നു. തന്ത്രിയും മേൽശാന്തിയും പേടകം ഏറ്റുവാങ്ങി ദീപാരാധനയ്‌ക്കായി നട അടച്ചു. 6.42 നാണ് ദീപാരാധനയ്‌ക്ക് ശേഷം ദർശനത്തിനായി നട തുറന്നത്. ദീപാരാധന അവസാനിക്കും മുൻപ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. മൂന്ന് തവണ ജ്യോതി മിന്നിമറഞ്ഞു. ഇതോടെ ഭക്തരുടെ ശരണം വിളി ഉച്ചസ്ഥായിയിലെത്തി.
രണ്ട് ലക്ഷത്തോളം ഭക്തർ ഇത്തവണ മകരജ്യോതി ദർശനത്തിനായി എത്തിയെന്നാണ് വിലയിരുത്തൽ. കരജ്യോതി ദർശന പുണ്യവുമായി അയ്യപ്പഭക്തർ ശബരിമലയിൽ നിന്നും മടങ്ങി തുടങ്ങി. മകരജ്യോതി ദർശനത്തിന് ശേഷം ഭക്തർ പമ്പയിലേക്കെത്തി തുടങ്ങുന്നതോടെ കൂടുതൽ ബസുകൾ പമ്പയിൽ നിന്നും വിവിധയിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഹിൽടോപ്പിൽ ഉൾപ്പടെ മകരജ്യോതി ദർശനത്തിനായി കാത്തുനിന്നവരാണ് പമ്പയിൽ നിന്ന് ആദ്യം മടങ്ങി തുടങ്ങിയത്. പമ്പയിലെ തിരക്ക് നിയന്ത്രണവിധേയമായ ശേഷം നിലക്കൽ നിന്നും ബസുകൾ പമ്പയിലേക്ക് എത്തിക്കും. ഇവിടെ നിന്നാകും വിവിധയിടങ്ങളിലേക്ക് സർവ്വീസ് നടത്തുക. തീർത്ഥാടകരുടെ സുഗമമായ യാത്ര ഉറപ്പുവരുത്താനായി കെഎസ്ആർടിസി വിപുലമായ തയ്യാറെടുപ്പ് നടത്തിയിരുന്നു. അരമണിക്കൂറിൽ അഞ്ചു ബസുകൾ വീതം പമ്പയിലേക്ക് സർവീസ് നടത്തും. 300 ബസുകളാണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്.