വത്തിക്കാൻ സിറ്റി: പത്ത് ദിവസത്തോളമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ അറിയിച്ചു. ഇന്നലെ പകൽ പൂർണ വിശ്രമത്തിലായിരുന്നു. സാധാരണപോലെ ഭക്ഷണം കഴിക്കുന്നുണ്ട്. ഇടയ്ക്ക് മുറിയിലൂടെ നടന്നു. രക്തപരിശോധനയിൽ വൃക്കയുടെ പ്രവർത്തനം തകരാറിലായതായി സ്ഥിരീകരിച്ചെങ്കിലും നിയന്ത്രണത്തിലാണ്. ഓക്സിജൻ തെറപ്പി തുടരുന്നു. പ്ലേറ്റ‍്ലറ്റ് അളവു കുറഞ്ഞതിനാൽ ശനിയാഴ്ച രക്തം നൽകിയിരുന്നു. ഇരു ശ്വാസകോശങ്ങളിലും അണുബാധയുള്ളതിനാൽ നില സങ്കീർണമാണ്.
ശ്വാസതടസ്സത്തെത്തുടർന്ന് ഈ മാസം 14-ന് ആണ് 88 വയസ്സുള്ള മാർപാപ്പയെ റോമിലെ ജെമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസത്തെ കുർബാനയിൽ മാർപാപ്പയുടെ സന്ദേശം വത്തിക്കാൻ പ്രസിദ്ധീകരിച്ചിരുന്നു. തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർക്ക് നന്ദിയറിയിച്ച അദ്ദേഹം പ്രാർത്ഥന തുടരണമെന്നും സന്ദേശത്തിൽ പറഞ്ഞു.