Thursday, July 17, 2025
Mantis Partners Sydney
Home » പി വി അന്‍വര്‍ ജയില്‍ മോചിതനായി; യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിക്കും.
പി വി അന്‍വര്‍

പി വി അന്‍വര്‍ ജയില്‍ മോചിതനായി; യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിക്കും.

by Editor

നിലമ്പൂര്‍: വനവാസി യുവാവിനെ കാട്ടാന ചവിട്ടക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തതിന് അറസ്റ്റിലായ പി.വി അൻവർ ജയില്‍ മോചിതനായി. മാലയിട്ടും പൊന്നാടയണിയിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ അന്‍വറിനെ സ്വീകരിച്ചു. പിണറായിയുടെ ഭരണകൂട ഭീകരതയ്ക്കും ദുർഭരണത്തിനും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഗൂഢാലോചനയ്ക്കും എതിരെ യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് തവനൂർ സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെ പി.വി.അൻവർ എംഎൽഎ. മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ പിന്തുണച്ചവര്‍ക്ക് അന്‍വര്‍ നന്ദി അറിയിച്ചു.

അറസ്റ്റിലായി 18 മണിക്കൂറിന് ശേഷമാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിവയാണ് ഉപാധികള്‍.

തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി. യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം എല്ലാവരും ധാര്‍മിക പിന്തുണ നല്‍കി. അത് വലിയ ആശ്വാസം നല്‍കി. വന്യമൃഗ വിഷയം വലിയ പ്രാധാന്യമര്‍ഹിക്കുന്നു എന്നുള്ളതുകൊണ്ടാണ് വലിയ പിന്തുണ കിട്ടിയത് – അന്‍വര്‍ പറഞ്ഞു. ജയിലില്‍ എംഎല്‍എയെന്ന പരിഗണന കിട്ടിയില്ലെന്നും അന്‍വര്‍ പറഞ്ഞു. എംഎല്‍എമാര്‍ക്കുള്ള പരിഗണന എന്തൊക്കെ എന്ന് തനിക്ക് പരിശോധിക്കണം. ഭക്ഷണം താന്‍ കഴിച്ചില്ല. ഭക്ഷണത്തെക്കുറിച്ച് തനിക്ക് സംശയം തോന്നി. അതുകൊണ്ടാണ് കഴിക്കാഞ്ഞത്. കുറേ പേരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ചരിത്രമുണ്ടല്ലോ. ഉച്ചക്ക് തന്ന ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല. തനിക്കൊരു കട്ടില്‍ മാത്രമാണ് തന്നത്. തലയിണ ചോദിച്ചിട്ട് തന്നില്ല – അന്‍വര്‍ പറഞ്ഞു.

ഇതുവരെ നടത്തിയത് ഒറ്റയാൾ പോരാട്ടമാണ്. ഇനി പിണറായിസത്തെ ഒറ്റക്കെട്ടായി എതിർക്കും. അതിനു വ്യക്തിപരമായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണ്. പൊതുസമൂഹവും മാധ്യമങ്ങളും പാണക്കാട് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങി മുഴുവൻ പേരും ഈ വിഷയത്തിൽ ധാർമിക പിന്തുണ നൽകിയെന്നതാണ് തനിക്ക് ആശ്വാസമായത്. താമരശേരി, ബത്തേരി ബിഷപ്പുമാർ, സി.പി.ജോൺ തുടങ്ങിയവരും പിന്തുണച്ചു. ജാമ്യം കിട്ടിയതിന് ദൈവത്തിന് നന്ദിയെന്നും അൻവർ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!