ക്വെറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. ബലൂചിസ്താന്‍ തലസ്ഥാനമായ ക്വെറ്റയില്‍ നിന്ന് ടഫ്താനിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ഭീകര്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടെന്നും 21 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പാക്കിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലോച് ലിബറേഷൻ ആർമി (ബിഎല്‍എ), 90 പട്ടാളക്കാരെ വധിച്ചതായി അവകാശപ്പെട്ടു.
“ഏഴ് ബസും രണ്ട് വാഹനങ്ങളുമാണ് സൈനികരുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു ബസ് പൂർണമായും പൊട്ടിത്തെറിച്ചു. ഐഇഡി സ്ഫോടനമായിരുന്നു. ഇത് ചാവേർ ആക്രമണമാണെന്നാണ് സൂചന. മറ്റൊരു ബസിന് നേർക്ക് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (RPGs) ആക്രമണമാണ് ഉണ്ടായത്. സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻതന്നെ സൈനിക ഹെലികോപ്റ്റർ വിന്യസിച്ച് രക്ഷാദൗത്യം നടത്തി. പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണവും നടത്തുന്നുണ്ട്.” എന്നായിരുന്നു പാക് ഭരണകുടത്തിന്റെ ഔദ്യോഗിക പ്രസ്താവന.
ബിഎല്‍എയുടെ ചാവേര്‍ സംഘമായ മജീദ് ബ്രിഗേഡാണ് പാക് സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. പാക് സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. എട്ട് ബസുകളിലായാണ് സൈനികര്‍ യാത്രചെയ്തിരുന്നത്. വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച മറ്റൊരു വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. മറ്റൊരു വാഹനത്തിന് നേരെ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് പ്രയോഗിച്ചുവെന്നുമാണ് പാക് സൈന്യം പറയുന്നത്. ഇതിന് പുറമെ വെടിവെപ്പും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞദിവസം ട്രെയിൻ റാഞ്ചിയ ബിഎൽഎ നാനൂറിലേറെ യാത്രക്കാരെ ബന്ദികളാക്കിയിരുന്നു. 26 ബന്ദികളെ ഇവർ കൊലപ്പെടുത്തിയെന്നും രക്ഷാപ്രവർത്തനത്തിനിടെ 33 അക്രമികളെ വധിച്ചതായും പാക്ക് സർക്കാർ അറിയിച്ചിരുന്നു. പാക്ക് സർക്കാരിനെതിരെ സായുധസമരം നടത്തുന്ന ബിഎൽഎ കഴിഞ്ഞ നവംബറിൽ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ചാവേർ സ്ഫോടനത്തിൽ 26 പേരാണു കൊല്ലപ്പെട്ടത്. ഫെഡറൽ സർക്കാരിൽനിന്ന് സ്വാതന്ത്ര്യം വേണമെന്നാണു ബിഎൽഎയുടെ ആവശ്യം.