മാനന്തവാടി: വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്. കഴുത്തിലാണ് ആഴത്തിലുള്ള ഒരു മുറിവുള്ളത്. വയനാട് ഓപ്പറേഷൻ രണ്ടാംഘട്ടം തുടരുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. സ്പെഷ്യൽ ഓപ്പറേഷന്റെ ഭാഗമായി രണ്ട് മൂന്ന് ദിവസങ്ങൾ നിരീഷണം ശക്തമാക്കും. ആർ ആർ ടി സംഘത്തിന്റെ നേതൃത്വത്തിലാകും നിരീക്ഷണം. നാട്ടുകാർ കടുവയുടെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ മേഖലകൾ കേന്ദ്രീകരിച്ച് ആയിരിക്കും പ്രത്യേക പരിശോധന നടത്തുക. കടുവയുടെ മരണകാരണം പോസ്റ്റ്മോർട്ടത്തിലെ വ്യക്തമാകുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
38 ക്യാമകളിനും പതിഞ്ഞ അതേ കടുവയെ തന്നെയാണ് ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അവശനിലയിൽ ആയ കടുവയെ കാൽപ്പാടുകൾ കണ്ടാണ് പിന്തുടർന്നത്. കഴുത്തിൻ്റെ ഭാഗത്ത് ആഴത്തിലുള്ള പരുക്കുണ്ട്. കടുവയുടെ ദേഹത്തുളള ചില മുറിവുകൾ പഴക്കമുള്ളതാണ്. കടുവയെ പോസ്റ്റ് മോർട്ടം നടപടികൾക്കായി കുപ്പാടി വൈൽഡ് ലൈഫ് വെറ്റിറിനറി ആശുപത്രിയിലേക്ക് കൊണ്ടു പോയി. പിലാക്കാവ്- പഞ്ചാര കൊല്ലി റോഡിലെ പണ്ട്യത്തും പറമ്പിൽ റിജോയുടെ വീടിനോട് ചേർന്നാണ് നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. വീടിന് 3 മീറ്റർ അകലെ നിന്നും കടുവയെ കിട്ടിയതിന്റെ അമ്പരപ്പ് ഇപ്പോഴും കുടുംബത്തിന് മാറിയിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ രാവിലെ വന്നപ്പോഴാണ് കടുവ വീടിന് സമീപത്ത് ചത്തുകിടക്കുന്ന വിവരമറിയുന്നതെന്ന് റിജോയും കുടുംബവും പറയുന്നു. കുട്ടികൾ ഓടിക്കളിക്കുന്ന സ്ഥലത്ത് കടുവയെ കണ്ടതാണ് കൂടുതൽ ഞെട്ടലുണ്ടാക്കുന്നതെന്നും കുടുംബം പറയുന്നു.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 -നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.