Thursday, July 17, 2025
Mantis Partners Sydney
Home » നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ഇല്ല
നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ഇല്ല

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ഇല്ല

by Editor

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി തള്ളി. കേസ് കണ്ണൂര്‍ ഡിഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും എസ്‌ഐടി സുതാര്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ എസ് ഐ ടി അന്വേഷിക്കണം. കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നും എസ് ഐ ടി പരിശോധിക്കണം. അന്വേഷണ പുരോഗതി കുടുംബത്തെ അറിയിക്കണം. ഡിഐജിയുടെ അനുമതിയോടെ മാത്രമേ കുറ്റപത്രം നല്‍കാവൂ എന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോടതി വിധിയിൽ തൃപ്തിയില്ലെന്നും അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കി. കാര്യങ്ങളെല്ലാം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത് പ്രതീക്ഷിച്ച വിധിയല്ലെന്നും മഞ്ജുഷയും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബുവും പ്രതികരിച്ചു. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി പി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു. കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണം മാത്രമാണ് നടക്കുക. ഈ സാഹചര്യത്തിൽ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. നവീൻ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

Send your news and Advertisements

You may also like

error: Content is protected !!