പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ജോത്സ്യനെ വശീകരിച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പോലീസ് പിടിയിലായി. കൊല്ലങ്കോട് സ്വദേശി പ്രഭു (35)വും പുതുശ്ശേരി സ്വദേശി സരിത എന്ന സംഗീത (43)യുമാണ് അറസ്റ്റിലായത്. സരിതയെ പാലക്കാട്ടെ ഒരു ലോഡ്ജിൽ നിന്നും, സുനിൽകുമാറിനെ കൊല്ലങ്കോട് നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
നല്ലേപ്പിള്ളി തെക്കേദേശം പന്നിപ്പെരുന്തലയിൽ രഞ്ജിത്ത് (35), മലപ്പുറം, മഞ്ചേരി സ്വദേശിനി ഗൂഡലൂർ താമസക്കാരി മൈമുന (44), കുറ്റിപ്പള്ളം പാറക്കാൽ സ്വദേശി എസ്. ശ്രീജേഷ് (24) എന്നിവരാണ് ഇതിനുമുന്‍പ് പിടിയിലായത്. കൊല്ലങ്കോട് സ്വദേശിയായ സുനിൽകുമാറാണ് ജോത്സ്യനിൽ എത്തിച്ച് നൽകിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
പോലീസ് അന്വേഷണത്തിൽ പ്രതികൾ കൂട്ടായ്മയായി പ്രവർത്തിച്ചതായി തെളിഞ്ഞിട്ടുണ്ട്. ജോത്സ്യനെ വശീകരിച്ച് തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടന്നതായും ഇതിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിരിക്കാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ തുടരുകയാണ്.