Saturday, July 19, 2025
Mantis Partners Sydney
Home » ഗോഡ്‌സെയെ പ്രശംസിച്ച പ്രൊഫസർ ഷൈജ എൻഐടി കാലിക്കറ്റ് ഡീൻ: നിയമനം വിവാദത്തിൽ
ഗോഡ്‌സെയെ പ്രശംസിച്ച പ്രൊഫസർ ഷൈജ എൻഐടി കാലിക്കറ്റ് ഡീൻ: നിയമനം വിവാദത്തിൽ

ഗോഡ്‌സെയെ പ്രശംസിച്ച പ്രൊഫസർ ഷൈജ എൻഐടി കാലിക്കറ്റ് ഡീൻ: നിയമനം വിവാദത്തിൽ

by Editor

മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ പ്രശംസിച്ച് വിവാദത്തിൽപ്പെട്ട പ്രൊഫസർ ഷൈജയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT) കാലിക്കട്ടിൽ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് ഡീനായി നിയമിച്ചതിനെതിരെ കടുത്ത വിമർശനം ഉയരുന്നു. നിയമനത്തിൽ പതിവ് സീനിയോറിറ്റി മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാരോപിച്ച് ചില ഫാക്കൽറ്റി അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി.

കഴിഞ്ഞ വർഷം ഗാന്ധിജിയുടെ ചരമവാർഷികദിനത്തിൽ അഭിഭാഷകനായ കൃഷ്ണരാജ് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിൽ പ്രൊഫസർ ഷൈജ രേഖപ്പെടുത്തിയ കമന്റാണ് വിവാദത്തിന് തുടക്കം കുറിച്ചത്. പോസ്റ്റിൽ ഗോഡ്സെയെ “ഭാരതത്തിലെ നിരവധി ആളുകളുടെ നായകൻ” എന്ന് വിശേഷിപ്പിച്ചിരുന്നു. അതിന് മറുപടിയായി ഷൈജ “ഇന്ത്യയെ രക്ഷിച്ചതിൽ ഗോഡ്സെയെ ഓർത്ത് അഭിമാനിക്കുന്നു” എന്ന അഭിപ്രായം പ്രകടിപ്പിച്ചു. തുടർന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നപ്പോൾ, അവർ കമന്റ് നീക്കം ചെയ്‌തെങ്കിലും, അതിന്റെ സ്ക്രീൻഷോട്ടുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തെ തുടർന്ന് എസ്‌എഫ്‌ഐയുടെ പരാതിയിന്മേൽ IPC സെക്ഷൻ 153 പ്രകാരം കോഴിക്കോട് സിറ്റി പൊലീസ് കേസെടുക്കുകയും ചെയ്തു.

വിവാദം രൂക്ഷമായപ്പോൾ എൻഐടി ഡയറക്ടർ ഷൈജയോട് വിശദീകരണം തേടാൻ രജിസ്ട്രാറിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഈ സംഭവങ്ങൾക്കിടയിലും ഏപ്രിൽ മുതൽ അവരെ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് ഡീനായി നിയമിച്ചു.

“ഗാന്ധിജിയുടെ കൊലപാതകത്തെ അനുമോദിക്കാനല്ല ഞാൻ ആ കമന്റ് ചെയ്തത്. ഗോഡ്സെയുടെ ‘Why I Killed Gandhi’ എന്ന പുസ്തകം വായിച്ചിരുന്ന ഞാൻ, അദ്ദേഹത്തെ സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയിൽ മാത്രം കണ്ടതാണ്. ആ പുസ്തകം പൊതുജനങ്ങൾ അറിയാത്ത ചില വസ്തുതകൾ വെളിപ്പെടുത്തുന്നു. എന്റെ കമന്റ് തെറ്റിദ്ധരിക്കപ്പെടുമെന്ന് മനസ്സിലായപ്പോൾ ഞാൻ അത് നീക്കി.” എന്നായിരുന്നു വിവാദത്തിനുശേഷം കഴിഞ്ഞ വർഷം ഷൈജ നൽകിയ വിശദീകരണം

പ്രൊഫ. ഷൈജയുടെ നിയമനം വർഗീയവൽക്കരണത്തിന്റെ ഭാഗമാണെന്നാരോപിച്ച് വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധം ശക്തമാക്കുകയാണ്. എസ്‌എഫ്‌ഐ, ഇത് “അസ്വീകാര്യം” ആണെന്ന് പ്രതികരിച്ചു. “പുതിയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ കേന്ദ്ര സർക്കാർ രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളിൽ വർഗീയ ആജണ്ട നടപ്പിലാക്കുകയാണ്. എൻഐടി കാലിക്കറ്റ് അതിന്റെ പുതിയ ഉദാഹരണമാണ്,” എന്നാണ് എസ്‌എഫ്‌ഐ പ്രസ്താവനയിൽ വ്യക്തമാക്കിയത്.

കോൺഗ്രസ്, എൻഐടി ഡയറക്ടറോട് നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. തീരുമാനം പിൻവലിക്കുന്നില്ലെങ്കിൽ, ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുമെന്നും കോൺഗ്രസ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

സംഭവത്തെ കുറിച്ച് എൻഐടി ഭരണസമിതി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ, നിയമനത്തിൽ സീനിയോറിറ്റി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് തൊട്ടുപുറത്തുള്ള ചില പ്രൊഫസർമാർ എൻഐടി ഭരണസമിതിയോട് പരാതി നൽകിയതായാണ് റിപ്പോർട്ട്.

Send your news and Advertisements

You may also like

error: Content is protected !!