തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്തു യുവാവിന്റെ കൂട്ടക്കൊലപാതകം. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് ക്രൂരത ചെയ്തത്. വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് സ്വന്തം കുടുംബത്തിലെ അഞ്ചുപേരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ യുവാവിന്‍റെ പെണ്‍സുഹൃത്തും സഹോദരനും ഉള്‍പ്പെടുന്നു.
ഉറ്റവരായ ആറ് പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിൽ എത്തി പറയുകയായിരുന്നു. മൂന്നു വീടുകളിലായാണ് ഈ കൂട്ടക്കുരുതി നടന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ആറ് പേരെയും കണ്ടെത്തി. ഇതില്‍ അഫാന്റെ മാതാവ് ഒഴികെ എല്ലാവരും പോലീസ് എത്തും മുന്നെ മരിച്ചിരുന്നു. അഫാന്റെ മാതാവ് ഷെമി അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കല്ലറ പാങ്ങോടെത്തി പിതാവിന്റെ അമ്മ സല്‍മാ ബീവിയെയാണ് (88) ഇയാൾ ആദ്യം തലയ്ക്കടിച്ചു കൊന്നത്. പിന്നീട് പുല്ലമ്പാറ ആലമുക്കിലെത്തി പിതാവിന്റെ സഹോദരന്‍ ലത്തീഫ് (69), ഭാര്യ ഷാഹിദ (59) എന്നിവരെയും വെട്ടിക്കൊന്നു. പിന്നീടാണ് പേരുമലയിലെ വീട്ടിലെത്തി അമ്മ ഷമീന, 3 ദിവസമായി വീട്ടിലുള്ള പെണ്‍കുട്ടി ഫര്‍ഷാന (19), സ്വന്തം സഹോദരന്‍ അഫ്‌സാന്‍ (13), എന്നിവരെ ആക്രമിച്ചത്. കാന്‍സര്‍ രോഗിയായ ഷമീനയാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂട്ടക്കൊലപാതകം നടത്തിയെന്നും താന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. വൈകിട്ട് 6 മണിക്കു ശേഷം പൊലീസ് എത്തുമ്പോഴാണ് ഇത്തരത്തിലൊരു ക്രൂരകൃത്യം നടന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. ഇയാളുടെ പിതാവ് റഹിം വിദേശത്താണ്. രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വർണമാല വിൽക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയെന്ന് പറയപ്പെടുന്നു. പേരുമലയിലെ അഫാന്റെ വീട്ടിൽനിന്ന് ആറു കിലോമീറ്റർ അകലെയാണ് ഫർസാനയുടെ വീട്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു ഫർസാന. ട്യൂഷനെന്നു പറഞ്ഞാണ് രാവിലെ പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങുന്നത്. മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അനിയൻ അഫ്‌സാൻ. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്. ഇയാൾ എലിവിഷം കഴിച്ചുവെന്ന് പറഞ്ഞതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.