തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദം – അകറ്റാം അർബുദം‘ കാൻസർ പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി 1,11,767 പേർ കാൻസർ സ്ക്രീനിംഗ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒരു വർഷത്തേക്ക് നീളുന്ന ഈ ക്യാമ്പയിനിന്റെ ആദ്യ ഘട്ടം സ്ത്രീകേന്ദ്രികൃതമായാണ് ആസൂത്രണം ചെയ്തത്.
സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയ്ക്കൊപ്പം മറ്റു കാൻസറുകൾക്കും പരിശോധന നടത്തുന്നു. സംസ്ഥാനത്തെ 1321 സർക്കാർ ആശുപത്രികളിൽ സ്ക്രീനിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുവരെ 5245 പേരെ കാൻസർ സംശയിച്ച് തുടർപരിശോധനയ്ക്ക് റഫർ ചെയ്തിട്ടുണ്ട്. തുടര്‍ പരിശോധന ആവശ്യമായി റഫര്‍ ചെയ്ത് പരിശോധന പൂര്‍ത്തിയാക്കിയവരില്‍ 30 പേര്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. 20 പേര്‍ക്ക് സ്തനാര്‍ബുദവും 7 പേര്‍ക്ക് ഗര്‍ഭാശയ കാന്‍സറും 3 പേര്‍ക്ക് വായിലെ കാന്‍സറും ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും കാന്‍സര്‍ പ്രാരംഭദശയില്‍ കണ്ടെത്തിയതിനാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതാണ്.
പ്രധാന കണക്കുകൾ:
സ്തനാർബുദ സ്ക്രീനിംഗ്: 1,11,767 പേർ; 5245 പേർ (3%) സംശയത്തെ തുടർന്ന് റഫർ ചെയ്തു.
ഗർഭാശയ കാൻസർ സ്ക്രീനിംഗ്: 51,950 പേർ; 2042 പേർ (4%) റഫർ ചെയ്തു.
വായിലെ കാൻസർ സ്ക്രീനിംഗ്: 30,932 പേർ; 249 പേർ (1%) റഫർ ചെയ്തു.
ക്യാമ്പയിനിൽ സർക്കാർ, സ്വകാര്യ, സഹകരണ മേഖലകൾ, സന്നദ്ധ സംഘടനകൾ, പൊതുസമൂഹം എന്നിവർ സഹകരിക്കുന്നു. കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ രോഗമുക്തി നേടാനാകുമെന്നും ഇതിലൂടെ രോഗിയുടേയും കുടുംബത്തിന്റെയും മാനസിക, സാമ്പത്തിക ബാധ്യത കുറയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
സ്തനാർബുദം സ്വയം പരിശോധിച്ചാൽ പലപ്പോഴും കണ്ടെത്താൻ കഴിയില്ല. അതിനാൽ എല്ലാ സ്ത്രീകളും തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിൽ സ്ക്രീനിംഗ് നടത്തണം. സംശയം തോന്നുന്നവർ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കും തയ്യാറാകണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു. സർക്കാർ ആശുപത്രികൾക്ക് പുറമേ, സ്വകാര്യ ആശുപത്രികളിലും കാൻസർ സ്ക്രീനിംഗ് ലഭ്യമാണ്. BPL വിഭാഗക്കാർക്ക് പരിശോധന സൗജന്യമായി ലഭിക്കുമ്പോൾ, APL വിഭാഗക്കാർക്ക് മിതമായ നിരക്കിൽ ഈ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.