അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ ആചാരപൂർവ്വം പേട്ട തുള്ളിയതോടെ എരുമേലി ഭക്തിലഹരിയിൽ ആറാടി. ശനിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ കൊച്ചമ്പലത്തിനു മുകളിൽ കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടതോടെ അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ തുടങ്ങി. പേട്ടതുള്ളൽ ദർശിക്കാൻ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി നേരിട്ട് എത്തുന്നുവെന്നാണ് ശ്രീകൃഷ്ണ പരുന്തിന് പിന്നിലെ വിശ്വാസം. പുഷ്പവൃഷ്ടി നടത്തിയും മാലയിട്ടും പേട്ടസംഘത്തെ നൈനാർ മസ്ജിദിൽ സ്വീകരിച്ചു. അമ്പലപ്പുഴ സംഘം കൊച്ചമ്പലമെന്ന പേട്ട ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ സമൂഹ പെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ പൂർത്തിയാക്കി പേട്ടപ്പണം സമർപ്പണത്തിനും പേട്ടകെട്ടിനും ശേഷം ഗജവീരന്റെ മസ്തകത്തിൽ പൂജിച്ച തിടമ്പേറ്റി പേട്ട തുള്ളൽ ആരംഭിച്ചത്. 35 മാളികപ്പുറങ്ങൾ ഉണ്ടായിരുന്നു ഒപ്പം. വർണപൊടികൾ അണിഞ്ഞ് വീരഭാവത്തിലായിരുന്നു അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ.
നാലുമണിയോടെ പകൽനക്ഷത്രത്തെ ദർശിച്ച ആലങ്ങാട്ട് സംഘം പെരിയോൻ എം.കെ.വിജയകുമാർ, വിനോദ് ചന്ദ്രോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പേട്ടതുള്ളൽ ആരംഭിച്ചു. വെള്ള വസ്ത്രങ്ങളും കളഭവും അണിഞ്ഞാണ് ആലങ്ങോട് സംഘം പേട്ട തുള്ളിയത്. ഇരു സംഘങ്ങളും എരുമേലി വലിയമ്പലത്തിൽ പ്രദക്ഷിണവും സ്‌നാനവും ചെയ്തു പേട്ടതുള്ളൽ പൂർത്തിയാക്കി. അയ്യപ്പസാന്നിധ്യമുള്ള ഗോളക ചാർത്തി എരുമേലി ക്ഷേത്രത്തിൽ ദീപാരാധന നടന്നതോടെ ഈ വർഷത്തെ പേട്ട ഉത്സവത്തിനു സമാപനമായി.