ന്യൂഡല്‍ഹി: രാജ്യത്തെ എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍). മുംബൈയിലെ ഘട്‌കോപ്പർ ഈസ്റ്റ് എംഎല്‍എയും ബിജെപി നേതാവുമായ പരാഗ് ഷാ ആണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎ. ഇദ്ദേഹത്തിന് 3,400 കോടി രൂപ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1,413 കോടി രൂപയിലേറെ ആസ്തിയുമായി കര്‍ണാടകയിലെ കനകപുര മണ്ഡലത്തിലെ എംഎല്‍എയും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറാണ് രണ്ടാമത്. 1700 രൂപ മാത്രം വരുമാനമുള്ള ബംഗാളിൽ നിന്നുള്ള ബിജെപി എംഎൽഎയായ നിർമൽ കുമാർ ധാരയാണ് ഏറ്റവും ‘പാവപ്പെട്ട’ നിയമസഭാംഗം. നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനായി എംഎൽഎമാർ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
28 സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലെയുമായി 4092 എംഎൽഎമാർ സമർപ്പിച്ച് സത്യവാങ്മൂലമാണ് എഡിആർ പഠനവിധേയമാക്കിയത്. കർണാടകയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ കെ.എച്ച്.പുട്ടസ്വാമി.ഗൗഡ (1267 കോടി), കർണാടകയിലെ കോൺഗ്രസ് എംഎൽഎ പ്രിയാകൃഷ്ണ (1156 കോടി) എന്നിവരാണ് മൂന്നും നാലും സ്ഥാനത്തുള്ളത്.
നിലമ്പൂർ മുൻ എംഎൽഎയായ പി.വി.അൻവറാണ് കേരളത്തിലെ ഏറ്റവും സമ്പന്നനായ എംഎൽഎ. (അൻവർ രാജിവയ്ക്കുന്നതിനു മുൻപ് തയാറാക്കിയതാണ് പട്ടിക) സിറ്റിങ് എംഎല്‍എമാരുടെ കണക്കെടുക്കുമ്പോള്‍ നിലവില്‍ മാത്യു കുഴല്‍നാടനാണ് സ്വത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഒന്നാമതുള്ളത്. 34.77 കോടിയാണ് മൂവാറ്റുപുഴ എംഎല്‍എയുടെ ആകെ സ്വത്ത് മൂല്യം. മാത്യു കുഴല്‍നാടന്റെ സ്ഥാനം ദേശീയതലത്തില്‍ 379-ാമതാണ്. 481-ാമതുള്ള പാല എംഎല്‍എ മാണി സി. കാപ്പന്‍ (27.93 കോടി), 664-ാമതുള്ള പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്‌കുമാര്‍ (19.38 കോടി) എന്നിവരാണ് കേരളത്തിലെ കണക്കില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.