അം അഃ സിനിമയിൽ പ്രമുഖ കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ ലീലാ ജോസഫ് പാടിയ ഇതളേ പൊന്നിതളേ എന്ന് തുടങ്ങുന്ന ഗാനം തരംഗമാവുന്നു. ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാപ്പി പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. പൂർണമായും ഫാമിലി ഡ്രാമ എന്നും ചിത്രത്തെ വിശേഷിപ്പിക്കാം. കവിപ്രസാദ് ഗോപിനാഥ് ആണ് തിരക്കഥ ഒരുക്കിയത്. അനീഷ് ലാൽ ആണ് ക്യാമറ. ഗോപി സുന്ദർ സംഗീതം ഒരുക്കുന്നു. സംഭാഷണങ്ങൾ പോലുമില്ലാത്ത രംഗങ്ങളിൽ സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നത് ഗോപി സുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവുമാണ്. കലാസംവിധാനം പ്രശാന്ത് മാധവും മേക്കപ്പ് രഞ്ജിത് അമ്പാടിയുമാണ്.
ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തെയും അവിടെ ജീവിക്കുന്ന സാധാരണക്കാരായ കുറച്ച് മനുഷ്യരേയുമാണ് അം അഃയിൽ കാണാനാവുക. മലയോര പ്രദേശമായ കവന്തയിലെ റോഡ് പണിയ്ക്കായി വരുന്ന സൂപ്പർവൈസർ സ്റ്റീഫനാണ് കേന്ദ്ര കഥാപാത്രം. സ്റ്റീഫന്റെ വരവോടെ നടക്കുന്ന സംഭവവികാസങ്ങളാണ് സസ്പെൻസിന്റെയും വൈകാരികതയുടേയും അകമ്പടിയിൽ തോമസ് സെബാസ്റ്റ്യനും കൂട്ടരും ആവിഷ്ക്കരിക്കുന്നത്. നാട്ടിൽ അധികമാരോടും അടുപ്പമില്ലാതെ കഴിയുന്ന അമ്മിണിയുടേയും മകളുടേയും ജീവിതത്തിലേക്ക് സ്റ്റീഫൻ എത്തുന്നതോടെ ചിത്രം മറ്റൊരു ട്രാക്കിലേക്ക് മാറുന്നു.
സ്റ്റീഫനായി എത്തുന്ന ദിലീഷ് പോത്തൻ, അമ്മിണിയമ്മയായെത്തിയ ദേവദർശിനി എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. നായികയായുള്ള മലയാളത്തിലേക്കുള്ള ആദ്യവരവ് ദേവദർശിനി ഉജ്ജ്വലമാക്കിയിട്ടുണ്ട്. കോഴിക്കോട് ജയരാജിന്റെ ആശാൻ എന്ന കഥാപാത്രം എടുത്തുപറയേണ്ടിയിരിക്കുന്നു. നിഗൂഢതയും നൊമ്പരവും ഒരേസമയം പ്രേക്ഷകരിലുണ്ടാക്കുന്ന കഥാപാത്രമായി ആശാൻ. ശ്രുതി ജയന്റെ വേഷവും തിയേറ്റർ വിട്ടാലും മനസിൽ തങ്ങിനിൽക്കും. ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, അലൻസിയർ, ടി.ജി.രവി, അനുരൂപ്, കബനി എന്നിവരും മികച്ച പ്രകടംതന്നെ കാഴ്ച വെച്ചിട്ടുണ്ട്.