ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആവേശം അവസാന ഓവർ വരെ കൂട്ടിനെത്തിയ മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. ഇതോടെ ഒരു മത്സരം ബാക്കിനിൽക്കെ, അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവെച്ച 182 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലീഷ് നിരയുടെ മറുപടി 19.4 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. അർധസെഞ്ചറിയുമായി ഇന്ത്യയുടെ തിരിച്ചടിക്ക് നേതൃത്വം നൽകിയ ശിവം ദുബെയാണ് കളിയിലെ താരം. ആദ്യ രണ്ടു മത്സരവും ജയിച്ച ഇന്ത്യ 3–1ന് പരമ്പരയിൽ മുന്നിലെത്തി.
മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പതിവുപോലെ ഇന്നും നിരാശപ്പെടുത്തി. സഞ്ജു ഒരു റണ്‍സെടുത്തും സൂര്യകുമാര്‍ പൂജ്യനായും മടങ്ങി. തിലക് വര്‍മ്മയ്ക്കും റണ്‍സ്സൊന്നും എടുക്കാനില്ല. അഭിഷേക് ശര്‍മ 19 പന്തില്‍ 29 റണ്‍സും റിങ്കു സിംങ് 26 പന്തില്‍ 30 റണ്‍സെടുത്തും പുറത്തായി. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹര്‍ദിക്ക് പാണ്ഡ്യ-ശിവം ദുബെ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്റെ നിര്‍ണായകമായ കൂട്ടുകെട്ടുണ്ടാക്കി. ദുബെ 34 പന്തില്‍ 53 റണ്‍സും ഹര്‍ദിക്ക് 30 പന്തില്‍ 53 റണ്‍സുമെടുത്തു.
26 പന്തില്‍ 51 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണർ ബെൻ ഡക്കറ്റ് 19 പന്തിൽ 39 റൺസെടുത്തും ഫിലിപ് സോൾട്ട് 21 പന്തിൽ 23 റൺസെടുത്തും ഓവർട്ടൻ 15 പന്തിൽ 19 റൺസെടുത്തും പുറത്തായി. റഷീദ് ആറു പന്തിൽ ഒരു സിക്സ് സഹിതം 10 റൺസുമായി പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയും ഹര്‍ഷിത് റാണയുമാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ നാട്ടെല്ലൊടിച്ചത്. വരുണ്‍ ചക്രവര്‍ത്തി രണ്ടും അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.