ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇറാനിൽ തെരുവിലിറങ്ങി ജനം. സ്വേച്ഛാധിപത്യ ഭരണത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് തുടർച്ചയായ അഞ്ചാം ദിവസവും രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ഡിസംബർ 28-ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഇന്നലെ ആളിക്കത്തി. തെക്കൻ നഗരമായ ഫസായിൽ പ്രവിശ്യാ ഗവർണറുടെ ഓഫീസ് ആക്രമിക്കപ്പെട്ടു. പ്രക്ഷോഭകരുമായുള്ള ഏറ്റുമുട്ടലിനിടെ 21-കാരനായ സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം 7 പേർ കൊല്ലപ്പെട്ടു.
പരമോന്നത നേതാവ് അലി ഖമേനിക്കെതിരെ ജനവികാരം ശക്തമാണ്. ടെഹ്റാനിൽ വ്യാപാരി, വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിഷേധങ്ങൾ യൂണിവേഴ്സിറ്റികളിലേക്ക് ആളിപ്പടരുകയായിരുന്നു. 1979 ലെ ഇസ്ലാമിക വിപ്ലവകാലത്ത് പുറത്താക്കപ്പെട്ട പരേതനായ ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ മകൻ റെസ പഹ്‌ലവിയെ പിന്തുണച്ച് “ഏകാധിപതിക്ക് മരണം” എന്ന് മുദ്രാവാക്യം വിളിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ടെഹ്‌റാനിലെ തെരുവിലിറങ്ങി.
ടെഹ്‌റാന്റെ ചില ഭാഗങ്ങളിൽ “ഷാ നീണാൾ വാഴട്ടെ” എന്ന മുദ്രാവാക്യങ്ങൾ പ്രതിധ്വനിച്ചപ്പോൾ, അമേരിക്കയിൽ പ്രവാസിയായി താമസിക്കുന്ന റെസ പഹ്‌ലവി “ഞാൻ നിങ്ങളോടൊപ്പമുണ്ട്. വിജയം നമ്മുടേതാണ്, കാരണം നമ്മുടെ ലക്ഷ്യം നീതിയുക്തമാണ്, നമ്മൾ ഐക്യപ്പെട്ടിരിക്കുന്നു.” എന്ന് എക്സിൽ കുറിച്ചു. “ഈ ഭരണകൂടം അധികാരത്തിൽ തുടരുന്നിടത്തോളം കാലം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടേയിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
അരക്, ഇസ്‌ഫഹാൻ, മഷാദ്, ഷിറാസ് തുടങ്ങിയ നഗരങ്ങളിലേക്ക് പ്രതിഷേധങ്ങൾ വ്യാപിച്ചിരിക്കുകയാണ്. 2022 -ലെ ഹിജാബ് വിരുദ്ധ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമാണിത്. ചില മതനേതാക്കളും സാസ്‌കാരിക പ്രവർത്തകരും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
പ്രതിഷേധങ്ങൾ ശക്തമായതോടെ ഇറാൻ്റെ സെൻട്രൽ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫർസിൻ രാജിവച്ചിരുന്നു. പകരം, മുൻ സാമ്പത്തിക മന്ത്രി അബ്ദുൾനാസർ ഹെമ്മാതിയെ സ്ഥാനത്തേക്ക് നിയമിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. 2025-ൽ ഇറാൻ്റെ ജിഡിപി 1.7 ശതമാനവും 2026-ൽ 2.8 ശതമാനവും കുറയുമെന്ന് ലോകബാങ്ക് പ്രവചിച്ചതോടെ സമ്പത്ത് വ്യവസ്ഥ നിലവിൽ മാന്ദ്യത്തിന്റെ ഭീഷണിയിലാണ്. ഒക്ടോബറിൽ പണപ്പെരുപ്പം 40 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 48.6% ത്തിലെത്തി. ഡോളറിനെതിരെ റിയാലിൻ്റെ മൂല്യം 13,90,000 എന്ന പുതിയ റെക്കോർഡ് എന്ന നിലയിലേക്ക് താഴ്ന്നു.
2015-ൽ ഇറാൻ്റെ ആണവ പദ്ധതിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കിയ ആണവ കരാറിൻ്റെ സമയത്ത് ഇറാൻ കറൻസി ഡോളറിനെതിരെ 32,000 റിയാലായിരുന്നു വ്യാപാരം.എന്നാൽ 2018-ൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി കരാറിൽനിന്ന് പിൻവാങ്ങിയിരുന്നു.
ഇറാൻ്റെ ആണവ പദ്ധികൾ മുന്നോട്ടുകൊണ്ടുപോയി പാശ്ചാത്യ രാജ്യങ്ങൾക്കെതിരേ പോരാടി നിൽക്കാമെന്ന പ്രതീക്ഷയാണ് 2025 ജൂണിൽ നടന്ന ഇസ്രായേലി-അമേരിക്കൻ ആക്രമണത്തോടെ ഛിന്നഭിന്നമായിപ്പോയത്. കൃത്യമായ ആക്രമണത്തിൽ ആണവ റിയാക്ടറുകളുടെ നാശം ഇറാന്റെ സ്വപ്നത്തിന്റെ അടിത്തറയെത്തന്നെ ഇളക്കിമറിച്ചു. പദ്ധതിയുടെ കാതലായ നതാൻസ്, ഫോർഡോ, അരക് സൗകര്യങ്ങൾ വ്യോമാക്രമണങ്ങൾ, സൈബർ യുദ്ധം, നിയന്ത്രിത സ്ഫോടനങ്ങൾ എന്നിവ സംയോജിപ്പിച്ച ഓപ്പറേഷനിൽ ഇല്ലാതാക്കി. വൻ തകർച്ചയുണ്ടായിട്ടും ഇറാൻ അതൊരു അവസരമാക്കി മാറ്റാനായിരുന്നു ശ്രമിച്ചത്. ബോംബ് എന്ന സ്വപ്നം ഉപേക്ഷിക്കുന്നതിനുപകരം, ഭരണകൂടം ആക്രമണത്തെ മത്സരം തുടരുന്നതിനുള്ള ന്യായീകരണമായി ചിത്രീകരിച്ചു. ‘റിയാക്ടറുകളുടെ നാശം ഇറാൻ എന്തുവിലകൊടുത്തും ഒരു ആണവ പ്രതിരോധ ശേഷി നേടണമെന്ന് തെളിയിക്കുന്നു’ എന്നായിരുന്നു ഖമേനിയുടെ പ്രഖ്യാപനം.
എന്നാൽ യാഥാർഥ്യം പക്ഷേ ഏറെ അകലെയാണെന്നു മാത്രം. ഇറാന് അതിൻ്റെ പ്രതിരോധ ശേഷി അപ്പാടെ നഷ്ടമായി. ശാസ്ത്രജ്ഞരുടെ സംഘങ്ങൾ ചിതറിപ്പോയി, ചിലർ കൊല്ലപ്പെട്ടു. ചരക്കു നീക്കത്തിനുള്ള ശൃംഖല തകർന്നു. ഒരിക്കൽ അടുത്ത സഖ്യകക്ഷികളായി കണക്കാക്കപ്പെട്ടിരുന്ന റഷ്യയും ചൈനയും പോലും അകലം പാലിക്കുന്നു. തങ്ങളുടെ ആണവ സ്വപ്നം ഒരു വലിയ ഭാരമായി മാറിയിരിക്കുന്നുവെന്ന് ഇറാൻ ഇപ്പോൾ തിരിച്ചറിയുന്നു.

