കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നടത്തിയ പ്രതിഷേധ സമരത്തിൽ മന്ത്രിക്ക് പരുക്കേറ്റു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു കെ.എസ്.യു പ്രതിഷേധം. കഴുത്തിനും കൈയ്ക്കും പരുക്കേറ്റുവെന്നാണ് വിവരം. സംഭവത്തിൽ കണ്ണൂരിൽ 5 പേരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയും സിപിഐഎം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി വീണാ ജോർജിനെ സന്ദർശിച്ചു. വനിതാ മന്ത്രിയെ കയ്യേറ്റം ചെയ്തത് ശരിയായില്ലെന്നും മന്ത്രിയോട് UDF മാപ്പ് പറയണമെന്നും സ്പീക്കർ എ എൻ ഷംസീർ പ്രതികരിച്ചു. കോൺഗ്രസിന്റേത് ഹീനമായ രാഷ്ട്രീയമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മന്ത്രി വീണാ ജോര്‍ജിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്താനാണ് തീരുമാനം. നേരത്തെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മന്ത്രിയെ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം തന്നെയാണ് പരിശോധിച്ചത്. കഴുത്തിന് ക്ഷതമെന്നും വിദഗ്ധ പരിശോധന വേണമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. എംആര്‍ഐ സ്‌കാനിംഗിനും നിര്‍ദേശിച്ചു. പിന്നാലെയാണ് പരിയാരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
വന്ദേഭാരത് ട്രെയിനിൽ പോകുന്നതിനായാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടയിൽ മന്ത്രി പെട്ടുപോവുകയായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. ഇതിനു ശേഷമാണ് കഴുത്തിനും കൈക്കും മർദനമേറ്റതായും സാരമായി വേദനയുണ്ടെന്നും മന്ത്രി പറഞ്ഞത്. തുടർന്ന് പൊലീസ് സംരക്ഷണയിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യ മേഖലയിൽ തുടരുന്ന അനാസ്ഥയ്‌ക്കെതിരെ കണ്ണൂരിൽ വീണാ ജോർജിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ എകെജി ആശുപത്രിക്ക് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധിച്ചിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് മാറ്റിയതിന് ശേഷമാണ് മന്ത്രിക്ക് യാത്ര തുടരാനായത്.
കണ്ണൂരിൽ വിവിധ പരിപാടികൾക്കായാണ് മന്ത്രിയെത്തിയത്. ആദ്യം കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തി. ഇതിന് ശേഷം പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. പിന്നീട് കണ്ണൂർ നഗരത്തിലെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധിച്ചു. ഇതെല്ലാം കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കെ.എസ്.യു പ്രതിഷേധമുണ്ടായത്. മന്ത്രി വാഹനത്തിൽ നിന്നിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് കയറിയ സമയത്താണ് പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകരെത്തിയത്.
ആഞ്ഞു വീശുന്ന ജനരോഷത്തിൽ നിന്നു സർക്കാരിനെ സംരക്ഷിക്കാനുള്ള നാടകമാണ് ആരോഗ്യ മന്ത്രി വീണാജോർജിനെ കെ. എസ്. യു പ്രവർത്തകർ അക്രമിച്ചുവെന്ന സിപിഎമ്മിന്റെ അടിസ്ഥാന രഹിതമായ ആക്ഷേപമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ട്രെയിൻ കയറാൻ പോയ മന്ത്രി പൊടുന്നനെ തിരിച്ചു വന്ന് ജില്ലാ ഹോസ്പിറ്റലിൽ പോകാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയുമായുള്ള ടെലഫോൺ സംഭാഷണത്തെ തുടർന്നാണ്. പിന്നീടാണ് മന്ത്രിയെ കെ എസ് യു -ക്കാർ അക്രമിച്ചുവെന്ന കെട്ടുകഥയുണ്ടാക്കിയത്. യഥാർത്ഥത്തിൽ പ്രതിഷേധിക്കാൻ എത്തിയ കെ എസ് യു പ്രവർത്തകരെ പൊലീസ് തടഞ്ഞുവെക്കുകയായിരുന്നു. ഇത് കെട്ടിച്ചമച്ചൊരു നുണക്കഥ മാത്രമാണ്. ആരോഗ്യവകുപ്പിന് എതിരെ ഉയർന്ന ജനരോക്ഷത്തിൽ നിന്നും പ്രതിഷേധത്തിൽ നിന്നും രക്ഷനേടാനുള്ള കുതന്ത്രം മാത്രമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആരോഗ്യ മന്ത്രിക്ക് സിംപതി ഉണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നാടകം പാളിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കെഎസ്‌യു പ്രവർത്തകരുടെ ശബ്ദത്തേക്കാൾ കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. കെഎസ്‌യു പ്രവർത്തകർ ആരോഗ്യ മന്ത്രിയുടെ അടുത്തേക്ക് പോലും എത്തിയില്ല. ആരോഗ്യമന്ത്രി വെല്ലു വിളിക്കുന്നുണ്ട്. പൊലിസ് ആരോഗ്യമന്ത്രിയ്ക്ക് സംരക്ഷണം ഒരുക്കുന്നുണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ആരെയും ആക്രമിക്കുന്നത് ഞങ്ങളുടെ അജണ്ടയല്ല. ആരോഗ്യ മന്ത്രി ജനങ്ങളുടെ മുൻപിൽ ഒറ്റപെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.


