തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് 2026 ഫെബ്രുവരി 24-ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകരിച്ചു. റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട് ശുപാർശകൾക്ക് പുറമെ 32 എണ്ണത്തിൽ കൂടി ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
ക്രിസ്ത്യൻ സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 2020-ലാണ് പിണറായി വിജയൻ സർക്കാർ ഈ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ 2023 മേയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും ഇത് പ്രസിദ്ധീകരിക്കാത്തതിൽ സഭാ നേതൃത്വങ്ങളും പ്രതിപക്ഷവും പ്രതിഷേധിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്.
1947 ന് മുൻപ് ലത്തീൻ കത്തോലിക്ക വിശ്വാസികളായി ചേർന്നവർക്കും അവരുടെ പിൻ തലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുള്ളൂ എന്ന അശാസ്ത്രീയമായ നിബന്ധനയിൽ മാറ്റം വരുത്തി. ഇനി മുതൽ ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യൂ അധികാരികളുടെ അന്വേഷണത്തിന് സഹായകരമായ ഒരു രേഖയായി പരിഗണിച്ച് വില്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജാതി/സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വർഷം ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.
ക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 2000 രൂപ ആക്കി വർധിപ്പിച്ച സാഹചര്യത്തിൽ സർക്കാർ ഗ്രാന്റായി അനാഥാലയങ്ങൾക്കും അന്തേവാസികൾക്കും നൽകി വന്ന തുക ആനുപാതികമായി വർധിപ്പിച്ച് 1100 രൂപയിൽ നിന്ന് 1375 രൂപയിലേക്ക് ഉയർത്തി. ഒ.ഇ.സി ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ ജാതി അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്‌റ്റൈപ്പൻ്റും ലംപ്സം ഗ്രാന്റും സ്കോളർഷിപ്പ് അല്ല എന്നു വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്‌ഠിത പേരു നൽകാൻ പാടില്ല. കേരള പബ്ലിക് സർവീസ് കമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ബാങ്കിങ് സർവീസ് കമ്മീഷൻ എന്നീ ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്കും വിവിധ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്ന ട്രെയിനിങ് സെന്ററുകളുണ്ട്. നിരവധി കുടിയേറ്റ കർഷകരുള്ള മലയോര പ്രദേശമായ കണ്ണൂരും ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ധാരാളം മത്സ്യത്തൊഴിലാളികൾ അധിവസിക്കുന്ന എറണാകുളത്തും, തിരുവനന്തപുരത്തുമുള്ള തീരപ്രദേശങ്ങളിലും ഇത്തരം ട്രെയിനിങ് ഉപകേന്ദ്രങ്ങൾ സ്ഥാപിക്കും.
പരിവർത്തിത ക്രൈസ്‌തവ കോർപറേഷന് കണ്ണൂർ ജില്ലയിൽ ഓഫീസ് ആരംഭിക്കും. കമ്മ്യൂണിറ്റി ക്വോട്ടയിലെ സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പുകൾ പുനസ്ഥാപിച്ചു നൽകും.


