ന്യൂ ഡൽഹി: തിരുവനന്തപുരത്തെ ഒരു ആഗോള റിസര്‍ച്ച് ആൻഡ് ഇന്നവേഷന്‍ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഗവൺമെന്റിന്റെ പിന്തുണയോടെ തിരുവനന്തപുരം റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ക്ലസ്റ്ററും (T-RIC) രാജ്യത്തെ ആദ്യത്തെ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളിലൊന്നും യാഥാർത്ഥ്യമാകുമെന്ന് രാജീവ് ചന്ദ്രശേഖർ. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗുമായി ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 40-ലധികം കേന്ദ്ര സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളുടെ ശേഷി ഒരുമിപ്പിച്ച് തലസ്ഥാനത്തെ രാജ്യത്തെ പ്രധാന ഗവേഷണ-നവീകരണ ഹബ്ബാക്കി മാറ്റുകയാണ് ടി-ആര്‍ഐസിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയോടെ ടി-ആര്‍ഐസി യാഥാര്‍ഥ്യമാക്കുന്നതിനുള്ള തുടര്‍നടപടികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പും ടി-റിക്കും (T-RIC) സംയുക്തമായി ചേർന്ന് തലസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായശാലകൾ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നിവയെ ഒരൊറ്റ സംയോജിത ഇന്നവേഷൻ ഇക്കോസിസ്റ്റമായി ബന്ധിപ്പിക്കും. ഇതോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ബയോടെക്നോളജി, ഡീപ് ടെക്നോളജി, സാങ്കേതികവിദ്യ, ശാസ്ത്ര ഗവേഷണം എന്നീ മേഖലകളിൽ വലിയ തോതിൽ ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. തിരുവനന്തപുരത്തെ സ്റ്റാർട്ടപ്പുകൾക്ക് ആഗോളതലത്തിലേക്ക് വളരാൻ ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ലഭിക്കും. കേരളത്തിലെ മികച്ച പ്രതിഭകളായ യുവതലമുറയ്ക്ക് സംസ്ഥാനത്ത് തന്നെ മികച്ച ഭാവിയും തൊഴിലും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.
2024 ജൂലൈയിലാണ് ടി-ആര്‍ഐസി എന്ന ആശയം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ അവതരിപ്പിച്ചത്. തിരുവനന്തപുരത്തെ കേന്ദ്ര ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷി ഏകോപിപ്പിച്ച് ആഗോള നിലവാരത്തിലുള്ള ഗവേഷണ-നവീകരണ കേന്ദ്രമാക്കി തലസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച രാജ്യത്തെ പ്രധാന വ്യാവസായിക-ലോജിസ്റ്റിക്‌സ് ഇടനാഴികൾക്ക് സമീപമായി ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്ന അഞ്ച് യൂണിവേഴ്‌സിറ്റി ടൗൺഷിപ്പുകളിൽ ഒന്ന് തിരുവനന്തപുരത്ത് അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യൂണിവേഴ്‌സിറ്റി ടൗൺഷിപ്പും ടി-ആർഐസിയും യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരം ഗവേഷണം, സാങ്കേതികവിദ്യ, നവീകരണം എന്നിവയുടെ പ്രധാന കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തലസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ-ഗവേഷണ മേഖലയിൽ വലിയ മാറ്റത്തിന് പദ്ധതികൾ വഴിയൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു.
Photo: FB/RajeevRC

